ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷം. 500 നഴ്സിങ് ഓഫിസർമാരുടെ (സ്റ്റാഫ് നഴ്സുമാരുടെ) തസ്തികയാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. ഇതിൽ 130 നഴ്സുമാരുടെ കുറവുണ്ട്. ഹെഡ് നഴ്സുമാരുടെ 95 തസ്തിക ഉണ്ടെങ്കിലും ഇതിലും 5 പേരുടെ ഒഴിവുണ്ട്. 

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അനുവദിച്ച നഴ്സുമാരെ ഉപയോഗിച്ചാണ് എൻഎംസിഎച്ച്, സൂപ്പർ സ്പെഷ്യൽറ്റി, സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി (പിഎംഎസ്എസ്‌വൈ ബ്ലോക്ക്), ടെർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവ പ്രവർത്തിക്കുന്നത്. 

500 സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ 137 പേരുടെ ഒഴിവുകൾ വർഷങ്ങളായി നികത്താതെ കിടക്കുകയാണ്. ഈ തസ്തികയിൽ പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിനു പകരം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ (ഡിഎംഇ ബോണ്ട് പ്രകാരം) സ്റ്റാഫ് നഴ്സുമാരെ നിയമിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിയമിച്ചവർ വിടുതൽ ചെയ്യുന്നതിനു മുൻപു പകരം നിയമനം നടത്തിയില്ല.  

ഘട്ടം ഘട്ടമായി വിടുതൽ ചെയ്തു പിന്നീട് 80 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നും 50 പേരെ കൂടി വിടുതൽ ചെയ്തു. ഇതോടെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച 80 പേരുടെ ഒഴിവുണ്ട്. ഇതിനു പുറമേയാണ് പ്രസവാവധിയിലും ആരോഗ്യ കാരണത്താലും പഠനാവശ്യത്തിനുമായി അൻപതോളം പേർ അവധിയിലായത്. 

ഒന്നിച്ച് ഇത്രയും പേർ പോയതോടെ വാർഡുകളിൽ നിയമിക്കാൻ നഴ്സുമാരില്ലാതായി. ഇതിനാൽ നിലവിലെ നഴ്സുമാരിൽ പലരും രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം തുടർച്ചയായി ഡബിൾ ഡ്യൂട്ടി ചെയ്യുകയാണ്. അർഹതപ്പെട്ട അവധി പോലും ലഭിക്കുന്നില്ലെന്നും നഴ്സുമാർ പറയുന്നു.

1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ജീവനക്കാരുടെ തസ്തിക അനുവദിച്ചത്. സൂപ്പർ സ്പെഷ്യൽറ്റി തുടങ്ങിയപ്പോൾ നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ തസ്തിക അനുവദിച്ചില്ല. ഇപ്പോൾ പിഎംഎസ്എസ്‌‌വൈ ബ്ലോക്ക് തുറന്നപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരെ അവിടേക്ക് മാറ്റി നിയമിക്കുകയാണു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com