ADVERTISEMENT

‌കൊയിലാണ്ടി∙ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിൽ നെല്ല്യാടി റോഡിൽ വിയ്യൂർ ഭാഗത്ത് പണിത അടിപ്പാത സംബന്ധിച്ച് ജനങ്ങൾ ആശങ്കയിൽ. കൊല്ലം– നെല്ല്യാടി റോഡിൽ നിന്ന് 50 മീറ്ററോളം വടക്ക് ഭാഗത്താണ് അടിപ്പാത പണിതത്. പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾക്ക് സുഗമമായി അടിപ്പാതയിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. നിർമാണം നടക്കുന്ന ഘട്ടത്തിൽ തന്നെ ഈ വിഷയം ഉന്നയിച്ചിരുന്നു. ദേശീയപാത അതോറിറ്റി ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. 

കൊല്ലം മുതൽ മേപ്പയൂർ വരെ റോഡിന്റെ വികസനം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന്റെ പ്രവൃത്തി തുടങ്ങാനിരിക്കുകയാണ്. കൊല്ലം –നെല്ല്യാടി –മേപ്പയൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് അറിയിപ്പും കഴിഞ്ഞ ദിവസം വന്നു. റോഡ് വീതി കൂട്ടി വളവുകൾ നിവർത്തുന്ന പ്രവൃത്തിയാണ് നടത്തുന്നത്. വളവ് നിവർത്തി വികസിപ്പിക്കുന്ന റോഡിൽ അടിപ്പാത വഴി കടന്നു പോകാൻ വാഹനങ്ങൾ യൂ ടേൺ എടുക്കേണ്ട അവസ്ഥയാണ് വരുന്നത്. വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് ഇടയാക്കും. 

പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡ് കഴിഞ്ഞുള്ള സ്ഥലം സ്വകാര്യ ഉടമസ്ഥതയിലാണ്. വാഹനങ്ങൾ സുഗമമായി കടന്നു പോകണമെങ്കിൽ കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടി വരും. നെല്ല്യാടി റോഡ് കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലൂടെയാണ് പോകുന്നത്. റോഡിന്റെ വീതി ഓട ഉൾപ്പെടെ 12 മീറ്ററാണ്. 

പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡിനോട് ചേർന്ന് 3 മീറ്റർ സ്ഥലം ഏറ്റെടുത്താൽ  വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ കടന്നു പോകാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഡിപിആർ അനുസരിച്ചാണ് അടിപ്പാത പണിതതെന്ന് ദേശീയപാത അതോറിറ്റി പറയുന്നു. പ്രാദേശിക ഭരണകൂടങ്ങളുമായി ആശയവിനിമയം നടത്താത്തതാണ് പ്രശ്നമെന്നാണ് നാട്ടുകാരുടെ പക്ഷം. സർവീസ് റോഡിലൂടെയുള്ള കാൽനടയാത്രയും ദുഷ്കരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com