ADVERTISEMENT

കോഴിക്കോട്∙ സർക്കാർ ആശുപത്രികളിലേക്കു നിലവാരമുള്ള മരുന്നും ഉപകരണങ്ങളും എത്തിക്കാൻ ആരംഭിച്ച മെഡിക്കൽ സർവീസസ് കോർപറേഷൻ അക്ഷരാർഥത്തിൽ ‘വെള്ളാന’യായി മാറിക്കഴിഞ്ഞെന്ന് ആരോപണം. രൂപീകരിച്ച് 16 വർഷത്തിനിടെ 48 തവണയാണു മാനേജിങ് ഡയറക്ടർമാർ മാറിയത്. ജനറൽ മാനേജരുടെയും കരാർ ജീവനക്കാരുടെയും ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെയും ചൊൽപടിക്കു നിൽക്കുന്നവർക്കു മാത്രമാണു കുറച്ചു കാലമെങ്കിലും തുടരാൻ സാധിക്കുന്നതെന്നാണു വിവരം.

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ദിനേശ് അറോറ മാനേജിങ് ഡയറക്ടറായി 2007 നവംബറിൽ 1ന് തുടക്കം കുറിച്ച കോർപറേഷനിൽ എംഡിയുടെ കസേരയിൽ ഇതുവരെ 21 പേർ മാറി മാറി വന്നു. ഇതിൽ ഡോ.എസ്.ആർ.ദിലീപ് കുമാർ 9 തവണയും നവജ്യോത് ഖോസ 6 തവണയും വീണ എൻ.മാധവൻ, ബിജു പ്രഭാകർ എന്നിവർ 4 തവണ വീതവും എംഡിമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്. വർഷം 565 കോടി രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനം അടിമുടി കുത്തഴിഞ്ഞതിനെ തുടർന്നു നിൽക്കക്കള്ളിയില്ലാതെയാണു പലരും ഓടിപ്പോയതെന്നു ജീവനക്കാർ തന്നെ പറയുന്നു.

2015–16നു ശേഷം വാർഷിക ഓഡിറ്റ് പോലും സ്ഥാപനത്തിൽ നടന്നിട്ടില്ല. രാഷ്ട്രീയ പിന്തുണയോടെ നിയമിക്കപ്പെടുന്ന ജനറൽ മാനേജർമാർ നൽകുന്ന ഫയലിൽ ഒപ്പിടുക മാത്രമാണ് എംഡിമാരുടെ ജോലി. അതിനു വഴങ്ങാതിരുന്ന ഐഎഎസുകാരിയായ  എംഡിയെ ദിവസങ്ങൾക്കുള്ളിൽ വടക്കൻ ജില്ലയിലേക്കു തട്ടി. അവരുടെ ഭർത്താവിനും അങ്ങോട്ടു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചെങ്കിലും അതു തടഞ്ഞുവച്ചായിരുന്നു പ്രതികാരം. ഒടുവിൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ ഭാരവാഹികളും മുഖ്യമന്ത്രിയെ കണ്ടാണു സ്ഥലം മാറ്റം വാങ്ങിക്കൊടുത്തത്.

രാഷ്ട്രീയ പിൻബലത്തോടെ എത്തുന്ന കരാർ ജീവനക്കാർക്ക് അടിക്കടി സ്ഥാനക്കയറ്റം നൽകുന്നതാണു കോർപറേഷനിലെ രീതി. അടിസ്ഥാന യോഗ്യതയില്ലാത്തയാളെ മരുന്നു വാങ്ങലിന്റെ ചുമതല ഏൽപിക്കുകയും ഉയർന്ന ശമ്പളം നൽകുകയും ചെയ്തത് രാഷ്ട്രീയ പിൻബലം ഒന്നു കൊണ്ടു മാത്രമായിരുന്നു. ഡയറക്ടർ ബോർഡിന്റെ ഈ നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫയൽ തടഞ്ഞുവച്ചിരിക്കുന്നത് ഉന്നതരുടെ താൽപര്യം കൊണ്ടു മാത്രമാണെന്നാണ് ആരോപണം. 679 പേരെയാണ് കരാർ അടിസ്ഥാനത്തിൽ കോർപറേഷനിൽ നിയമിച്ചിരുന്നത്. ഇതിൽ 8 പേരുടെ ഒഴികെ കരാർ കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയത് വിവാദമായപ്പോൾ ആറായിരത്തിലേറെ കംപ്യൂട്ടർ ഫയലുകളാണ് ഒറ്റയടിക്ക് നശിപ്പിച്ചത്. അതു പിന്നീട് ഐടി വകുപ്പിന്റെ സഹായത്തോടെ വീണ്ടെടുത്താണു പരിശോധനയ്ക്കു നൽകിയത്.

വിവാദ ബ്ലീച്ചിങ് പൗഡറിനു വിലക്ക്

രണ്ടു സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡറിന്റെ വിതരണവും ഉപയോഗവും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ  (കെഎം‌എസ്‌സിഎൽ) മരവിപ്പിച്ചു. ഗോഡൗണുകളിൽ ശേഖരിച്ചിട്ടുള്ള സ്റ്റോക്കിനു ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. ആശുപത്രികളിൽ എത്തിച്ചിട്ടുള്ള ചാക്കുകൾ പൊട്ടിക്കരുതെന്നും ഒരു പായ്ക്കറ്റ് പോലും പുറത്തു പോകരുതെന്നും വാക്കാൽ നിർദേശം നൽകിയിട്ടുമുണ്ട്.

അടിമുടി ദുരൂഹമായ ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കൂടുതൽ ഒളിപ്പിക്കാനുണ്ടെന്നു വ്യക്തമാക്കുന്നതാണ് കെഎംഎസ്‌സിഎലിന്റെ ഓരോ നീക്കവും. സംഭരണ കേന്ദ്രങ്ങളിൽ ബ്ലീച്ചിങ് പൗഡർ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്കു നിരീക്ഷണ ക്യാമറകൾ തിരിച്ചുവയ്ക്കാനും, പ്രദേശത്തേക്ക് ആരെങ്കിലും പോകുന്നത് തടയാനും നിർദേശമുണ്ട്. 

ഉയർന്ന ക്ലോറിൻ സാന്നിധ്യമാണ് തീപിടിത്തത്തിനു കാരണമെന്നാണു സൂചന. കുറഞ്ഞത് 30% ക്ലോറിൻ സാന്നിധ്യം വേണം എന്നായിരുന്നു കഴി‍ഞ്ഞ വർഷം ജൂലൈയിൽ ക്വട്ടേഷൻ വിളിക്കുമ്പോഴുള്ള നിബന്ധന. രണ്ടു വർഷം കാലാവധിയും നിശ്ചയിച്ചു. ഈ ക്വട്ടേഷൻ പ്രകാരമുള്ള ആദ്യ വിതരണം പൂർത്തിയായതിനു പിന്നാലെയാണ് ക്ലോറിൻ സാന്നിധ്യം 32% ആക്കി ഉയർത്തിയത്.രണ്ടു വർഷ കാലാവധിയുള്ള പായ്ക്കറ്റുകളിലാക്കി ഉടൻ എത്തിക്കാമെന്ന ഉറപ്പിലാണ് ബങ്കെ ബിഹാറി കമ്പനി വിതരണം ഏറ്റെടുത്തത്.

തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയിലാണു തിരുവനന്തപുരത്ത് ബ്ലീച്ചിങ് പൗഡർ എത്തിച്ചതെന്ന് കെഎംഎസ്‌സിഎൽ ജീവനക്കാർ പറയുന്നു. രണ്ടു വർഷം കാലാവധി ലഭിക്കുന്നതിനു വേണ്ടി ക്ലോറിൻ അളവ് കൂട്ടിയിട്ടിരിക്കാമെന്നും ഇതാണ് തീ പിടിത്തത്തിനു കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.62% വരെ ക്ലോറിൻ സാന്നിധ്യം ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. കേരളത്തിൽ എത്തിച്ച ചാക്കുകളിൽ എല്ലാം ബാച്ച് നമ്പറിനൊപ്പം ‘എ’ എന്ന് ഇംഗ്ലിഷ് അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഉൽപാദനത്തിനു ശേഷം രണ്ടാമത് പായ്ക്ക് ചെയ്യുമ്പോഴാണ് ഇങ്ങനെ രേഖപ്പെടുത്താറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com