ADVERTISEMENT

കൊയിലാണ്ടി∙ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിക്കെട്ടിടം അറ്റകുറ്റപ്പണിയുടെ മറവിൽ പൊതുമരാമത്ത് നശിപ്പിക്കുന്നതായി ആക്ഷേപം. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ കെട്ടിടം സംരക്ഷിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണ്. നഗരഹൃദയത്തിൽ 1909 മുതൽ നിലനിൽകുന്നതാണ് ഈ കെട്ടിടം.

വിവിധ കോടതികൾ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന് കാര്യമായ തകരാറുകളൊന്നും ഇപ്പോഴുമില്ല. ചെറിയ ചോർച്ചയും മറ്റുമുണ്ടെങ്കിലും പൈതൃകക്കെട്ടിടം എന്ന സൂക്ഷ്മതയോടെയല്ല പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നാണ് പരാതി. വർഷാവർഷം കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ചെടുത്ത് തറയോടുകൾ, പൂവോടുകൾ, ചില്ലോടുകൾ എന്നിവയെല്ലാം നീക്കിയ സ്ഥിതിയാണ് പണ്ട് ഉപയോഗിച്ചിരുന്ന ഒറ്റപ്പാത്തി ഓടുകളും ഇരട്ടപ്പാത്തി ഓടുകളും ചേരുന്നിടത്താണ് സാധാരണയായി ചോർച്ചയുണ്ടാവുന്നത്.

അറ്റകുറ്റപ്പണികെളെന്ന പേരിൽ കെട്ടിട്ട ഭാഗങ്ങൾ പൊളിച്ചുനീക്കുകയാണ്. 1909ൽ നിർമിച്ച പൂവോടുകളാണ് ഇപ്പോൾ ഒന്നിച്ച് നീക്കുന്നത്. കെട്ടിട്ടത്തിനകത്ത് എപ്പോഴും നന്നായി സൂര്യവെളിച്ചം ലഭ്യമാക്കിയിരുന്ന ചില്ലോടുകളും എടുത്തു മാറ്റി. അടിയിൽ ടിൻ ഷീറ്റും അതിനു മുകളിൽ തെർമോകോൾ ഷീറ്റും വിരിച്ച് അതിന് മുകളിൽ ഓട് മേയുകയാണ്.

തെർമോകോൾ വിരിക്കുന്നത് കെട്ടിടത്തിനുള്ളിൽ എലിശല്യം കൂടാനിടയാക്കുമെന്ന് അഭിപ്രായം ഉയർന്നു. ചെറിയ ചോർച്ചയുടെ പേരിൽ നടത്തുന്ന അറ്റകുറ്റപ്പണികളും പൈതൃക വസ്തുക്കൾ നീക്കം ചെയ്യലും തുടർന്നുള്ള ലേലവുമൊക്കെ ഒത്തുകളിയുടെ ഭാഗമാണെന്ന് അഭിഭാഷകരുൾപ്പെടെ പലരും ആരോപിക്കുന്നു.

ഈ പഴയകാല കെട്ടിടത്തിന് സവിശേഷതകൾ ഏറെയാണ്. പുറത്ത് ഓട് മേഞ്ഞ്, അതിനടിയിൽ പൂവോട് പാകി നീണ്ട വരാന്തയും വ്യത്യസ്ത ദിശകളിലൂടെ കോടതി ഹാളിനകത്തും കോടതി ഓഫിസിനകത്തും ഏത് സമയത്തും വേണ്ടത്ര സൂര്യപ്രകാശം കിട്ടത്തക്കവിധം ചില്ല് പാകി ക്രമീകരിച്ച മേൽക്കൂരയും വലിയ വെന്റിലേഷനുകളുമൊക്കെയാണ് ഇല്ലാതാകുന്നത്. 

ബ്രിട്ടിഷുകാർ പണിതതാണ് കെട്ടിടം. 200 വർഷം മുൻപ് തന്നെ കൊയിലാണ്ടിയിൽ കോടതി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അന്ന് സദർ കോടതിയിയായിരുന്നു, 1813 ലാണ് സദർ കോടതി തുടങ്ങിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com