ചേളന്നൂർ ∙ പഞ്ചായത്ത് 3–ാം വാർഡിൽ പൂക്കോട്ടുമലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്കുള്ള റോഡ് നിർമാണം ജലസംഭരണിക്കു ഭീഷണിയാകുമെന്നതിനാൽ നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവിട്ടു.
പൂക്കോട്ടുമല ജല പദ്ധതി കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. 86 പേരാണ് ഈ സംഭരണിയിലെ വെള്ളം ഉപയോഗിക്കുന്നത്. 25 വർഷത്തിലേറെ പഴക്കമുള്ള പദ്ധതിയാണിത്.

നിലവിൽ സംഭരണിക്കു സമീപത്തു കൂടിയാണ് റോഡ് നിർമിച്ചത്. തുടർന്ന് പ്രദേശവാസികൾ പ്രവൃത്തി തടഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുമ്പോഴും ഭാര വാഹനങ്ങൾ പോകുമ്പോഴും സംഭരണിക്കു കേടുപാടു സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
5.40 മീറ്റർ നീളവും 5.40 മീറ്റർ വീതിയും 1.80 മീറ്റർ ഉയരവുമാണ് തറനിരപ്പിൽ നിർമിച്ച സംഭരണിക്കുള്ളത്. ഇതിനു സമീപത്തു കൂടെയാണ് റോഡ് നിർമിച്ചത്. റോഡ് നിർമാണം തുടങ്ങിയ സമയത്തു തന്നെ പ്രവൃത്തി നിർത്തിവയ്ക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നതായി വാർഡ് മെംബർ സിനി ഷൈജൻ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവു നൽകിയതെന്നും മെംബർ പറഞ്ഞു.
ജലജീവൻ പദ്ധതി പൈപ്പ് മുറിച്ചു
∙ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് നിർമിക്കുന്നതിനിടെ ജലവിതരണ കുഴലുകൾ പൊട്ടി. ജലജീവൻ മിഷൻ പദ്ധതി പ്രകാരം പ്രദേശത്തെ വീടുകളിലേക്ക് കണക്‌ഷൻ നൽകാൻ പൊതുവഴിയിൽ ജല അതോറിറ്റി സ്ഥാപിച്ച പുതിയ പൈപ്പാണ് മുറിഞ്ഞത്. പൈപ്പുകൾ മുറിഞ്ഞ വിവരം പ്രവൃത്തി നടത്തിയവർ ജല അതോറിറ്റിയെ അറിയിച്ചിരുന്നില്ല.