അഞ്ച് വീടുകളിൽ മോഷണം
Mail This Article
കടലുണ്ടി ∙ മണ്ണൂർ വടക്കുമ്പാട്ട് കമാലിയ സ്കൂൾ പരിസരത്ത് അടച്ചിട്ട 3 വീടുകൾ ഉൾപ്പെടെ 5 വീടുകളിൽ കള്ളൻ കയറി. 2 വീടുകളിൽ നിന്നായി 3 പവനും 5000 രൂപയും നഷ്ടപ്പെട്ടു. വേട്ടുവളപ്പിൽ ഷബീബ്, അങ്ങാടി വീട്ടിൽ ഷൈജേഷ്, തോട്ടത്തിൽ ശിഹാബുദ്ദീൻ, ചക്കിട്ടക്കണ്ടി അബ്ദുൽ റസാഖ്, സഹോദരൻ അബ്ദുൽ അസീസ് എന്നിവരുടെ വീടുകളിലാണ് കള്ളൻ കയറിയത്.
ഷബീബിന്റെ വീട്ടിൽ നിന്നു സ്വർണവും ഷൈജേഷിന്റെ വീട്ടിൽ നിന്നു പണവും നഷ്ടപ്പെട്ടു. വീടിന്റെ മുകൾ നിലയിലൂടെ അകത്തു കടന്ന കള്ളൻ അലമാരയിൽ നിന്നാണു ആഭരണം അപഹരിച്ചത്. മറ്റു വീടുകളിൽ വാതിൽ പൊളിച്ചു അകത്തു കയറി അലമാരകളിലെ സാധനങ്ങൾ വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ചക്കിട്ടക്കണ്ടി അബ്ദുൽ അസീസ്, സി.റസാഖ്, എ.വി.ഷൈജേഷ് എന്നിവരുടെ വീടുകളിൽ ആളില്ലായിരുന്നു. അസീസിന്റെ കുടുംബം വൈകിട്ട് 4നു തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. റസാഖിന്റെ കുടുംബം വിദേശത്താണ്. ഷൈജേഷ് വീട് അടച്ചു ബന്ധുവീട്ടിൽ പോയതായിരുന്നു. ഫറോക്ക് എസ്ഐ പി.ടി.സൈഫുല്ലയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടർ നടപടികൾ ഇന്നു സ്വീകരിക്കും.