ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോടിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കുന്നത് ലക്ഷ്യമിട്ട് ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യവസായ സംഗമത്തിൽ ഉയർന്നത് മാറാത്ത വ്യവസ്ഥിതികളെക്കുറിച്ചുള്ള പരാതികൾ. ചെറുകിട വ്യവസായ സംരംഭകർക്ക് അനുകൂലമായ നിയമം സർക്കാർ നടപ്പാക്കിയിട്ടുണ്ടെങ്കിലും അതു താഴെത്തട്ടിൽ ‍നടപ്പാക്കുന്നതിൽ വിജയിച്ചിട്ടില്ലെന്നും ഇതിനു കൃത്യമായ നിരീക്ഷണ സംവിധാനം ആവശ്യമാണെന്നും സംരംഭകർ പറയുന്നു. 5 വർഷം മുൻപ് പാസാക്കിയ നിയമത്തെക്കുറിച്ച്  പഞ്ചായത്ത് ഭരണാധികാരികൾക്കും സെക്രട്ടറിമാർക്കും ഇപ്പോഴും ധാരണയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിവാദങ്ങൾ കേരള വിരുദ്ധസംഘത്തിന്റെ സൃഷ്ടിയാണെന്നും ചെറുകിട വ്യവസായ അസോസിയേഷൻ ഉന്നയിച്ച പരാതികളെല്ലാം ഒന്നൊഴികെ എല്ലാം പരിഹരിച്ചുവെന്നും പറഞ്ഞാണ് ഉദ്ഘാടകനായ മന്ത്രി പി. രാജീവ് പ്രസംഗം തുടങ്ങിയത്. എന്നാൽ, മന്ത്രി എത്തും മുൻപു നടന്ന സെഷനിൽ പ്രസംഗിച്ചവരെല്ലാം ഇവിടെ കാര്യങ്ങൾക്ക് കാര്യമായ മാറ്റമില്ലെന്നു ചൂണ്ടിക്കാട്ടി.

ജില്ലാ വ്യവസായ കേന്ദ്രം വ്യവസായികൾക്ക് ഫെസിലിറ്റേഷൻ സെന്ററാകണമെന്നും അഭിപ്രായമുയർന്നു. വിവിധ വകുപ്പുകളിൽനിന്ന് ഓരോ പ്രതിനിധി അവിടെയുണ്ടെങ്കിൽ ഒറ്റ സ്ഥലത്തുനിന്ന് ലൈസൻസ് നേടാം. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ‍സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. എല്ലാ അനുമതികളോടെയും ആരംഭിച്ച ഓയിൽ മിൽ പുകയുടെ പേരിൽ പൂട്ടാൻ ഉത്തരവിട്ട അനുഭവം വ്യവസായികളിലൊരാൾ പങ്കുവച്ചു. പരിഹാര നിർദേശപ്രകാരം പുകക്കുഴലിന്റെ രൂപത്തിൽ മാറ്റം വരുത്തിയെങ്കിലും ഇനിയും ലൈസൻസ് ലഭിച്ചിട്ടില്ല. വ്യാപാരികൾക്ക് സുരക്ഷാപദ്ധതി നിലവിലുള്ള സംസ്ഥാനത്ത് വ്യവസായികൾക്ക് അതേ പരിരക്ഷ ലഭിക്കുന്നില്ലെന്ന് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.ഖാലിദ് ചൂണ്ടിക്കാട്ടി. കൂടുതൽ നികുതി സർക്കാരിലേക്ക് നൽകുന്നത് വ്യവസായികളാണെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ പ്രസംഗിച്ച മന്ത്രി    പി.രാജീവ്, ചെറുകിട വ്യവസായ സംരംഭകർക്ക് പരാതികൾ ‍പരിഹരിക്കാൻ ഓൺലൈൻ സംവിധാനമുണ്ടെന്നും ഇതു പലരും പ്രയോജനപ്പെടുത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

പരാതി പരിഹരിക്കുന്നതിൽ മന്ത്രിയെക്കാൾ ‍അധികാരം ഇത്തരം സംവിധാനങ്ങൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, 2 വർഷം കൊണ്ട് വ്യവസായ രംഗത്ത് നല്ല പുരോഗതിയുണ്ടായെന്ന് അക്കമിട്ട് ഓരോ പദ്ധതികൾ പ്രഖ്യാപിച്ച് വിശദീകരിച്ച ശേഷം, കാര്യങ്ങൾ മെച്ചപ്പെട്ടോ എന്ന് സദസ്സിലേക്കും വേദിയിലേക്കും നോക്കി മാറിമാറി മന്ത്രി ചോദിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. വിവിധ സെഷനുകളിലായി ഐഐഎംകെ ഡയറക്ടർ പ്രഫ.ദേബാശിഷ് ചാറ്റർജി, സാങ്കേതിക സർവകലാശാല വിസി പ്രഫ. സജി ഗോപിനാഥ്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രഫ.എം.കെ.ജയരാജ്, എൻഐടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ടോം തോമസ്, പി.എം.എ.ഗഫൂർ, ഏൺസ്റ്റ് ആൻഡ് യങ് അസോഷ്യേറ്റ് പാർട്നർ രാജേഷ് നായർ, അനിൽ ബാലൻ, പോൾ വർഗീസ്, വി.റഫീഖ് എന്നിവരും പ്രസംഗിച്ചു.

പുതിയ സംരംഭങ്ങൾ പ്രായോഗികമാക്കാൻ ആറംഗ കമ്മിറ്റിക്കു ചുമതല

കോഴിക്കോട് ∙ ജില്ലയിൽ പുതുതായി വരുന്ന ഏതു വ്യവസായ നിക്ഷേപ പദ്ധതിയും പ്രായോഗികമാക്കാൻ ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി.രാജീവിന്റെ  പ്രഖ്യാപനം. വ്യവസായ വികസന വകുപ്പ്, കിൻഫ്ര, ജില്ലാ വ്യവസായകേന്ദ്രം, ലീഡ് ബാങ്ക്, തദ്ദേശ സ്വയംഭരണ വകുപ്പ്, ചെറുകിട വ്യവസായ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്നതാണ് കമ്മിറ്റി. ജൂൺ 15ന്അകം ഈ കമ്മിറ്റി ആദ്യയോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു. വി.കെ.സി.റസാക്ക് അധ്യക്ഷത വഹിച്ചു. വി.കെ.സി.മമ്മദ്കോയ, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, എ.നിസാറുദ്ദീൻ, ബാബു മാളിയേക്കൽ, ബൈജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com