ADVERTISEMENT

കോഴിക്കോട് ∙ ടൗൺ എസ്ഐ ആണെന്ന പേരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് വകുപ്പുതല അന്വേഷണം. 3 മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ 'ടൗൺ' എസ്ഐയെ അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടം ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം മറ്റു പൊലീസുകാർ അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 10ന് ആണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ മുറിയെടുത്തത്. ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോട്ടൽ ആയതിൽ താൻ ടൗൺ എസ്ഐ ആണെന്നും അൽപ സമയത്തേക്കു മുറി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. 

ഹോട്ടൽ റജിസ്റ്ററിൽ ടൗൺ എസ്ഐ എന്നാണ് രേഖപ്പെടുത്തിയത്. ഒരു മണിക്കെത്തി വൈകിട്ട് 4 ന് തിരിച്ചുപോയി. ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഹോട്ടൽ സിസിടിവി ദൃശ്യം ബന്ധപ്പെട്ടവർ പരിശോധിച്ചു. ഹോട്ടൽ റജിസ്റ്റർ പരിശോധിച്ചപ്പോൾ ആൾമാറാട്ടം നടത്തിയതായും കണ്ടെത്തി. വിവരം പരസ്യമായിട്ടും സംഭവത്തിൽ കേസെടുക്കാതെ വകുപ്പുതല നടപടിയാണ് ആരംഭിച്ചത്. എന്നാൽ, പരാതി ഇല്ലെന്നു പ്രചരിപ്പിച്ച് പൊലീസ് അസോസിയേഷൻ നേതാവു കൂടിയായ എസ്ഐയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായി സേനയിലുള്ള ഒരു വിഭാഗം പറയുന്നു.

നേരത്തേയും ഇത്തരത്തിൽ ആൾമാറാട്ടം നടത്തിയതായി ആരോപണമുണ്ട്. മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നു ട്രാഫിക് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്. ബേപ്പൂർ സ്‌റ്റേഷനിലെ പിആർഒ ആയിരിക്കെ മണൽ മാഫിയ തലവനുമായി നടത്തിയ ഫോൺ വിളി – വാട്സാപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നായിരുന്നു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com