ലോറിയിൽ കടത്തിയ 400 ഗ്രാം എംഡിഎംഎയുമായി 2 പേർ കോഴിക്കോട്ട് പിടിയിൽ
Mail This Article
പന്തീരാങ്കാവ്(കോഴിക്കോട്)∙ ബെംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തുകയായിരുന്ന 400 ഗ്രാം എംഡിഎംഎയുമായി 2 പേർ കോഴിക്കോട്ട് പിടിയിൽ. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ(32), ഫറോക്ക് നല്ലൂർ സ്വദേശി ജംഷീദ്(31) എന്നിവരെ കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസി: കമ്മിഷണർ പ്രകാശൻ പി.പടന്നയലിന്റെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് ഷാഡോ ടീമും സബ് ഇൻസ്പെക്ടർ ടി.വി.ധനജ്‍ഞയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പിടികൂടിയത്. വിപണിയിൽ ഇതിനു 12 മുതൽ 16 വരെ ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് പേവിങ് സ്റ്റോൺ കൊണ്ടുവരുന്നതു മറയാക്കി ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. രാമനാട്ടുകര – തൊണ്ടയാട് ബൈപാസിൽ സംശയകരമായി വന്ന ലോറി പന്തീരാങ്കാവ് കൂടത്തുംപാറയിൽ പൊലീസ് സംഘം തടയുകയായിരുന്നു. ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് ചരക്കുമായി വരികയാണെന്നു ഡ്രൈവർ പറഞ്ഞെങ്കിലും സംസാരത്തിൽ പന്തികേടു തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് കാബിനിൽ ഒളിപ്പിച്ചുവച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. നൗഫലിന്റെ വസ്ത്രത്തിൽ ഒളിപ്പിച്ചുവച്ച ലഹരി മരുന്നും കണ്ടെടുത്തു.
സംഘത്തിൽ മറ്റു 2 പേർ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും അസി. കമ്മിഷണർ പ്രകാശൻ പി.പടന്നയിൽ പറഞ്ഞു. പ്രതി നൗഫലിന് 2 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ നേരത്തേ 2 വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് സ്റ്റേഷനിലെ എഎസ്ഐ ടി.പ്രഭീഷ്, എസ്‌സിപിഒമാരായ എം.രജ്‍ഞിത്ത്, പി.ശ്രീജിത്ത് കുമാർ, ഇ.സബീഷ്, ഇൻസ്പെക്ടർ മനോജ് നർകോട്ടിക് ഷാഡോ അംഗങ്ങളായ സിപിഒ പി.സി.സുഗേഷ്, എം.കെ.ലതീഷ്, എം.ഷിനോജ്, എൻ.കെ.ശ്രീനാഥ്, പി.കെ.ദിനേശ്, തൗഫീഖ്, പി.അഭിജിത്ത്, ഇ.അതുൽ, മിഥുൻരാജ്, ഇബ്നുഫൈസൽ, കെ.പി.ബിജീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.