മുക്കം∙ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പുല്ലു പതിച്ച മീഡിയൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റിയുള്ള പ്രവൃത്തി ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. 7.5 കോടി രൂപ ചെലവഴിച്ചുള്ള ടൗൺ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന പാതയിൽ അഭിലാഷ് ജംക്‌ഷൻ മുതൽ അരീക്കോട് പാലത്തിന് സമീപം വരെ സ്ഥാപിച്ച മീഡിയൻ ആണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ കുത്തിപ്പൊളിച്ചത്.

കുത്തിപ്പൊളിച്ച ഭാഗത്തു നിന്ന് നീക്കം ചെയ്യുന്ന മണ്ണും മീഡയിനിലെ പുല്ലിലേക്കാണ് മാറ്റിയത്. അശാസ്ത്രീയമായി പ്രവൃത്തി നടത്തുന്നത് യാത്രയ്ക്കിടയിൽ ശ്രദ്ധയിൽ പെട്ടപ്പോഴാണ് എംഎൽഎ ഇടപെട്ടത്. കരാറുകാരനെ വിളിച്ച് പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ശോഭ കെടുത്തും വിധമാണ് മീഡിയൻ കുത്തിപ്പൊളിച്ചത്. വിളക്കുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് മീഡിയൻ പൊളിച്ചു മാറ്റിയത്.
ഇലക്ട്രിക് പ്രവൃത്തി വേറെ കരാറുകാരനാണ് ലഭിച്ചത്. അതേസമയം ഇലക്ട്രിക് പ്രവൃത്തി കഴിഞ്ഞ ശേഷം മതിയായിരുന്നില്ലേ പുല്ല് പാകലും മറ്റും എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. മീഡിയനിലെ പുല്ലുകൾക്കും ചെടികൾക്കും കേട് വരാത്ത രീതിയിൽ പ്രവൃത്തി നടത്താനാണ് കരാറുകാരനെ ഫോണിൽ വിളിച്ച് എംഎൽഎ പറഞ്ഞത്. ഫെഡറൽ ബാങ്ക് മുതൽ അരീക്കോട് പാലം വരെയും അഭിലാഷ് ജംക്‌ഷൻ മുതൽ ആലിൻചുവട് വരെയും പിസി റോഡും മോടി പിടിപ്പിക്കുന്നതായിരുന്നു പദ്ധതി. പുല്ലുകളും ചെടികളും വളർന്നു വരുന്നതിനിടയിലാണ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി.