കോടഞ്ചേരി∙ ഇന്തൊനീഷ്യൻ മഴക്കാടുകളിൽ ജന്മം കൊണ്ട സലാക്ക് ഫ്രൂട്ട് നെല്ലിപ്പൊയിൽ മഞ്ഞുവയൽ ചെറായിൽ സുരേഷിന്റെ വീട്ടുമുറ്റത്ത് വിളഞ്ഞു പഴുത്ത് നിൽക്കുന്നത് കൗതുക കാഴ്ചയായി. ഓർമപ്പഴം, സ്നേക്ക് ഫ്രൂട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന സലാക്ക് ഫ്രൂട്ട് മലയോരങ്ങളിൽ വിളഞ്ഞു പഴുക്കുന്നത് ആദ്യമായിട്ടാണെന്ന് സുരേഷ് പറഞ്ഞു.7 വർഷം മുൻപ് നഴ്സറിയിൽ നിന്നു വാങ്ങി സുരേഷ് നട്ടുപിടിപ്പിച്ചതാണ് സലാക്ക് ചെടി. സലാക്ക് പഴത്തിന്റെ പുറംതൊലി പാമ്പിന്റെ ത്വക്ക് പോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേരു ലഭിച്ചത്.
മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും നല്ലതാണ് സലാക്ക് ഫ്രൂട്ട്. അതുകൊണ്ട് സലാക്കിനെ മെമ്മറി ഫ്രൂട്ട് (ഓർമപ്പഴം) എന്നും വിളിക്കാറുണ്ട്. സലാക്കിന്റെ ആൺ ചെടിയുടെ പൂവിന്റെ പൂമ്പൊടി കൊണ്ടു വന്ന് പെൺ ചെടിയുടെ പൂക്കുലകളിൽ വിതറി കൃത്രിമമായി പരാഗണം നടത്തിയാണ് സുരേഷ് സലാക്ക് ചെടിയിൽ കായ്കൾ പിടിപ്പിച്ചെടുക്കുന്നത്.
ഡിസൈൻ വർക്ക് ചെയ്യുന്ന പെയിന്റർ കൂടിയായ സുരേഷിന്റെ 40 സെന്റ് കൃഷിയിടത്തിൽ അക്കായ്ബറി, കെപ്പൽ ഫ്രൂട്ട്, മൂന്ന് ഇനം അബിയു, ലാങ്‌സെറ്റ്, ലോങ്ങാൻ, ആപ്പിൾ ചെറി വെസ്റ്റിൻഡീസ് ചെറി), കുരുവില്ലാത്ത ചാമ്പ, കായം, രാജാപുളി, രണ്ട് നിറങ്ങളിലുള്ള ഡ്രാഗൺ ഫ്രൂട്ട്, അച്ചാചെരു, ബെറാബ, മൂട്ടിപുളി, മിൽക്ക്ഫ്രൂട്ട്, ചെമ്പടാക്ക്, ദൂരിയാൻ, പച്ചപ്പഴം, സൂരിനാം ചെറി, വിവിധ ഇനം നാരകം എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.