ADVERTISEMENT

കോഴിക്കോട് ∙ കുരുത്തോലയും ബലൂണും വർണച്ചിത്രങ്ങളും കൊണ്ടലങ്കരിച്ച സ്കൂളുകൾ. താളമേളങ്ങൾ മുഴങ്ങുന്ന അന്തരീക്ഷം. അറിവിന്റെ ലോകത്തേക്ക് പടികടന്നെത്തിയ കുരുന്നുകൾക്കു സ്കൂളുകളിൽ ഒരുക്കിയത് അതിഗംഭീരമായ സ്വീകരണം. പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലുമായി പുതുപുത്തൻ യൂണിഫോം അണിഞ്ഞാണ് അവരുടെ വരവ്. ആദ്യമായി ക്ലാസിൽ എത്തിയതിന്റെ അങ്കലാപ്പ് പലരുടെയും മുഖത്തുണ്ട്. പക്ഷേ മിഠായി മധുരം നുണഞ്ഞതോടെ മുഖത്തു ചിരി വിടർന്നു. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരുടെ ബാഗിൽ തൊട്ടുനോക്കിയും കൈപിടിച്ചുമൊക്കെ ചിലർ കഥകൾ പറഞ്ഞു.

ചിലർ ഇടംകണ്ണിട്ടു വാതിലിനു പുറത്തേക്ക് എത്തിനോക്കി. അമ്മയുടെ തലവട്ടം പുറത്തെവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയായിരുന്നു കുഞ്ഞിക്കണ്ണുകളിൽ. അലറിക്കരഞ്ഞ് പുറത്തേക്കോടാൻ നോക്കിയവരുമുണ്ട്. പാട്ടുപാടിയും കഥ പറഞ്ഞും മുന്നിൽ വന്ന അധ്യാപികയെ ഏറെ കൗതുകത്തോടെയാണ് കുരുന്നു കണ്ണുകൾ നോക്കിയത്.സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാംപസ് സ്കൂളിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് എത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആദരിച്ചു. ‘ഹലോ ഇംഗ്ലിഷ് സ്റ്റോറി’ പുസ്തകങ്ങളുടെ പ്രകാശനം കലക്ടർ എ.ഗീത നിർവഹിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ 4 വയസ്സുകാരി ആഗ്ന യാമി പുതുമുഖങ്ങൾക്ക് ആശംസ നേരാൻ എത്തിയിരുന്നു. മേയർ ബീന ഫിലിപ്, സ്ഥിരംസമിതി അധ്യക്ഷ സി.രേഖ, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം, ഹയർസെക്കൻഡറി വിഭാഗം ആർഡിഡി എം.സന്തോഷ് കുമാർ, വിഎച്ച്എസ്‌സി എഡി വി.ആർ.അപർണ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ.അബ്ദുൽ നാസർ, കൈറ്റ് കോ ഓർഡിനേറ്റർ വി.എം.പ്രിയ, കൗൺസിലർ കെ. മോഹൻ, പ്രധാനാധ്യാപകൻ ഡോ.എൻ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.

യാത്രാസൗകര്യമില്ല; ഭിന്നശേഷി വിദ്യാർഥിക്ക് ‌ആദ്യദിനം നഷ്ടമായി

ഭിന്നശേഷി വിദ്യാർഥിനി സന സോണിയെ അമ്മ സിനു താങ്ങിയെടുത്തു കൊണ്ടുപോകുന്നു.

കോഴിക്കോട് ∙ ഇടവഴിയിലേക്ക് കണ്ണുനട്ട് സന വീടിന്റെ ഉമ്മറത്തിരിക്കുകയാണ്. എല്ലാ സ്കൂളുകളിലും കൊട്ടുംപാട്ടും മധുരവിതരണവുമൊക്കെയായി പ്രവേശനോത്സവം നടക്കുന്നു. പക്ഷേ, സന മാത്രം സ്കൂളിൽ പോയിട്ടില്ല. സ്കൂളിൽ പോകാൻ സനയെന്ന പതിനാലുകാരിയെ തോളിലേറ്റി ഇടവഴിയിലൂടെ അമ്മയോ അച്ഛനോ റോഡിൽ എത്തിക്കണം. അവിടെനിന്ന് ഓട്ടോറിക്ഷ വിളിച്ച് 160 രൂപ മുടക്കി സ്കൂളിലും. സ്കൂളിൽ എത്തിച്ചാൽത്തന്നെ അവൾക്ക് നേരെയിരിക്കാൻ പറ്റിയ കസേരയുമുണ്ടാകില്ല.

ഗോവിന്ദപുരം ഋഷിപുരം ക്ഷേത്രത്തിനു സമീപം എരവത്ത് വീട്ടിൽ സോണിയുടെയും സിനുവിന്റെയും മകളാണ് സെറിബ്രൽ പാൾസി ബാധിച്ച സന. മാനാഞ്ചിറ ഗവ.മോഡൽ ടിടിഐ യുപി സ്കൂളിലാണ് അഞ്ചാംക്ലാസ് വരെ പഠിച്ചത്. അമ്മയോ അച്ഛനോ താങ്ങിയെടുത്താണു കൊണ്ടുപോയിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ നടക്കാവ് യുആർസിയിലെ അധ്യാപകർ വീട്ടിലെത്തി ആഴ്ചയിലൊരു ദിവസം പഠിപ്പിച്ചു മടങ്ങുകയായിരുന്നു. ഇത്തവണ ബിഇഎം സ്കൂളിലാണ് എട്ടാംക്ലാസിൽ സന ചേർന്നത്. പക്ഷേ, കൊണ്ടുപോയി കൊണ്ടുവരാനുള്ള ബുദ്ധിമുട്ടു കാരണം ഇന്നലെ എത്തുന്നില്ലെന്നു ടീച്ചറെ അറിയിച്ചു.

പ്രായമായ മാതാപിതാക്കളടക്കം 7 പേരടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം സോണി പെയിന്റിങ് പണിക്കുപോയി കിട്ടുന്നതു മാത്രമാണ്. സനയ്ക്കു യാത്രാസൗകര്യം ഒരുക്കാൻ കോർപറേഷൻ അധികൃതരെ സമീപിച്ചിരുന്നു. കെ ഓട്ടോ പദ്ധതിയിൽ ഒരു ഓട്ടോസൗകര്യം ഒരുക്കാമെന്നു പറഞ്ഞു. പക്ഷേ ആ പദ്ധതി നടപ്പായിട്ടില്ല. ഭിന്നശേഷിക്കാർക്കുള്ള ഉപകരണം ലഭിക്കാൻ പല മെഡിക്കൽ ക്യാംപിലും പോയിരുന്നു. ഓരോ തവണയും കുട്ടിയുടെ അളവെടുക്കും. എന്നാൽ ഉപകരണം ലഭിക്കാൻ ഒരു വർഷം കഴിയും. അപ്പോഴേക്കു കുട്ടി വളരും. ഇങ്ങനെ ഉപയോഗശൂന്യമായിപ്പോയ കുഞ്ഞു മേശയും കസേരയുമൊക്കെ മുറിയിലുണ്ട്. കാലിൽ ഇടാനുള്ള പ്രത്യേകഷൂവും ഫിസിയോതെറപ്പി ചെയ്യാനുള്ള ബോളുമൊക്കെ സോണിയും സിനുവും പലരുടെയും സഹായത്തോടെ വാങ്ങുകയായിരുന്നു.സെറിബ്രൽ പാൾസി ബാധിച്ചവർക്കുള്ള ഒരു ചക്രക്കസേരയെങ്കിലും ലഭിച്ചാൽ യാത്രാപ്രശ്നവും ക്ലാസിലിരിക്കാനുള്ള ബുദ്ധിമുട്ടും മാറുമെന്ന പ്രതീക്ഷയിലാണു സോണിയും സിനുവും.

ആദികേശവന് അപ്രതീക്ഷിത  സമ്മാനമായി ഡ്രംസ് സെറ്റ്!

ഫറോക്ക് നല്ലൂർ ഗവ. ഗണപത് യുപി സ്കൂളിലെ കേശുവിന് ഡ്രം സെറ്റ് സമ്മാനിക്കുന്നു.

കോഴിക്കോട് ∙ സ്കൂൾ തുറന്ന ആദ്യദിവസം ആദികേശവെന്ന കേശു മൂന്നാംക്ലാസിലേക്ക് വന്നതാണ്. ഫറോക്ക് നല്ലൂർ ഗവ. ഗണപത് യുപി പക്ഷേ സ്കൂളിൽ കാത്തിരുന്നത് ഗംഭീര സമ്മാനമാണ്. അവന്റെ സ്വപ്നമായ ഡ്രംസ് സെറ്റ്! ഒരു കയ്യും ഒരു കാലുമില്ലെങ്കിലും വടി ഇറുക്കിപ്പിടിച്ച് കേശു ഡ്രംസ് സെറ്റിൽ താളമിട്ടു. അതുകേട്ടു കൂട്ടുകാർ കയടിച്ചു. ജന്മനാ കേശുവിന് ഒരു കയ്യും ഒരു കാലുമില്ല. കേൾവി ശക്തിയില്ലാത്തതിനാൽ മുൻപ് ആരോടും മിണ്ടാറില്ലായിരുന്നു. കേൾവി പ്രശ്നം പരിഹരിക്കാനുള്ള ഉപകരണം വച്ചതോടെയാണു കേശു സംസാരിക്കാൻ തുടങ്ങിയത്.

നന്നായി ചിത്രം വരയ്ക്കുന്ന കേശു കഴിഞ്ഞ ഉപജില്ലാ കലോത്സവത്തിൽ ചിത്രരചനയ്ക്കു സമ്മാനം വാങ്ങിയിരുന്നു. എന്നും ക്ലാസ്മുറിയിൽ ഡെസ്കിൽ ചാഞ്ഞുകിടന്നു കേശു താളം പിടിക്കാറുണ്ട്. കേശുവിന് താളബോധം ജന്മനാ കിട്ടിയതാണ്. കേശുവിന്റെ ബന്ധുവായ ചിത്രകാരി അമ്പിളി വിജയൻ കേശു താളമിടുന്നതിന്റെ വിഡിയോ ചിത്രീകരിച്ച് ചലച്ചിത്ര താരം ദേവരാജന് അയച്ചുകൊടുത്തിരുന്നു. ദേവരാജനും സുഹൃത്തുക്കളും ചേർന്ന് പണം സ്വരൂപിച്ചാണ് ഇന്നലെ കേശുവിന് ഡ്രംസ് വാങ്ങി സ്കൂളിലെത്തിച്ചത്.ചലച്ചിത്രതാരം നിർമൽ പാലാഴിയും ദേവരാജും ചേർന്നാണ് ഇന്നലെ കേശുവിനു ഡ്രംസ് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് മഞ്ജുഷ് പൂതേരി അധ്യക്ഷനായിരുന്നു. ഡ്രംസിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയി അലൻ ഭാസ്കറും കേശുവിന് ആശംസ നേരാനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com