കോഴിക്കോട്∙ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി സമരം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് ആശുപത്രിയിലായ കെ.കെ.ഹർഷിന വീണ്ടും സമരപ്പന്തലിൽ. നീതി കിട്ടാൻ വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് അഭിമാനം പോലും പണയപ്പെടുത്തി സമരത്തിനിരിക്കുന്നതെന്നു ഹർഷിന പറഞ്ഞു. ‘മരണം വരെ സമരം തുടരും. എന്റെ മരണം കൊണ്ട് അധികൃതർ ഉത്തരം പറയേണ്ടി വരും. സമരം ആരുടെയും പ്രേരണ കൊണ്ടല്ല.
അത്രയും സഹിച്ചതു കൊണ്ടാണ്. ഒരു സ്ത്രീ എന്ന രീതിയിൽ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. സാമ്പത്തികമായി ഒരുപാട് ചെലവുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരുടെയും ഔദാര്യവും വേണ്ട. ആരോ ചെയ്ത തെറ്റിന് ഞാനെന്തിന് സഹിക്കണം’–ഹർഷിന പറഞ്ഞു. ഒന്നാംഘട്ട സമരത്തിനിടെ മന്ത്രി വീണാ ജോർജ് നൽകിയ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണു ഹർഷിന വീണ്ടും സമരം തുടങ്ങിയത്. രണ്ടാംഘട്ട സമരം 11 ദിവസം പിന്നിട്ടു.