സനയുടെ മുഖത്ത് പുഞ്ചിരി; വീട്ടിൽ പ്രവേശനോത്സവവുമായി അധ്യാപകർ

HIGHLIGHTS
  • അധികൃതരുടെ അനാസ്ഥ മൂലം യാത്രാദുരിതത്തിലായ വിദ്യാർഥിക്ക് വീട്ടിലെത്തി വീൽ ചെയറും പഠനോപകരണങ്ങളും നൽകി സ്കൂൾ പ്രതിനിധികൾ
ഗോവിന്ദപുരത്ത് സന സോണിയുടെ വീട്ടിലെത്തി ബിഇഎം സ്കൂളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും വീൽചെയറും സമ്മാനങ്ങളും കൈമാറിയപ്പോൾ.
SHARE

കോഴിക്കോട്∙ പുതിയ വീൽചെയറും മധുരപലഹാരങ്ങളുമായി അധ്യാപകർ വീട്ടിലെത്തി; സനയ്ക്കു വീട്ടിൽ പ്രവേശനോത്സവമൊരുക്കി മാനാഞ്ചിറ ബിഇഎം സ്കൂൾ അധികൃതർ.സെറിബ്രൽ പാൾസി ബാധിതയായ ഗോവിന്ദപുരം എരവത്ത് സന സോണിക്ക് (14) യാത്ര ചെയ്യാൻ ഒരു മാർഗവുമില്ലാത്തതിനാലാണ് സ്കൂളിൽ പോവാൻ കഴിയാത്തത്. കോർപറേഷൻ അധികൃതർ പലതവണ വാക്കു പാലിക്കാത്തതിനെ തുടർന്നാണ് സന ദുരിതത്തിലായത്. 

സനയ്ക്ക് സ്കൂളിലേക്ക് യാത്രചെയ്യാൻ കെ–ഓട്ടോ പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോ എത്തിക്കാമെന്ന കോർപറേഷന്റെ വാഗ്ദാനം നടപ്പിലായില്ല. മെഡിക്കൽ ക്യാംപുകളിൽനിന്ന് നൽകിയ വിവിധ ഉപകരണങ്ങൾ സനയ്ക്ക് ഉപയോഗിക്കാൻ കഴിയാത്ത  തരത്തിലുള്ളതായിരുന്നു. ഏറ്റവുമൊടുവിൽ മെഡിക്കൽ ക്യാംപിൽ സനയ്ക്ക് നൽകാൻ തീരുമാനമായിരുന്ന വീൽചെയർ പോലും കോർപറേഷൻ അധിക‍ൃതർ മറ്റൊരാൾക്കു കൈമാറിയിരുന്നു. ഇതോടെയാണ് സ്കൂളിൽ പോവാനാവാതെ സന വീട്ടിൽ ഇരിക്കേണ്ടിവന്നത്. 

ഈ വർ‌ഷം ബിഇഎം സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നെങ്കിലും യാത്രാക്ലേശമുള്ളതിനാൽ സ്കൂളിൽ വരാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ അധ്യാപകരെ അറിയിച്ചിരുന്നു. സ്കൂളിൽ പോവണമെങ്കിൽ വീട്ടിൽനിന്ന് ഇടവഴിയിലൂടെ റോഡ് വരെ അച്ഛനോ അമ്മയോ  എടുത്തുകൊണ്ടുപോവണം. അവിടെനിന്ന് ഓട്ടോറിക്ഷ വിളിച്ച് 200 രൂപയോളം മുടക്കി സ്കൂളിലെത്തുകയെന്നത് സനയുടെ പിതാവും പെയിന്റിങ് തൊഴിലാളിയുമായ സോണിക്ക് താങ്ങാനാവില്ല. അഞ്ചാംക്ലാസിനു ശേഷം സ്കൂളിൽ പോവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സന.

ആഴ്ചയിൽ ഒരിക്കൽ യുആർസിയിൽനിന്ന് പരിശീലകരെത്തിയാണ് സനയുടെ പഠനം നടത്തിയിരുന്നത്. ഈ അധ്യയന വർഷത്തിലാണ് സന സോണി ബിഇഎം സ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയത്. സ്കൂളിൽ പുതുതായി ചേർന്ന കുട്ടിയായതിനാൽ സനയുടെ വിവരങ്ങൾ അധ്യാപകർക്ക് പരിചയമുണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥ കാരണം ദുരിതത്തിലായ സനയുടെ സങ്കടമറിഞ്ഞാണ് സ്കൂൾ അധികൃതർ ഉച്ചയോടെ സനയുടെ വീട്ടിലെത്തിയത്.

സനയ്ക്ക് സ്കൂളിൽ സുരക്ഷിതയായി പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു അധ്യാപകർ അറിയിച്ചു.  സനയ്ക്ക് ചക്രക്കസേര, സ്കൂളിലേക്ക് ഇട്ടുവരാനുള്ള യൂണിഫോം, പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, മധുരപലഹാരങ്ങൾ, ആരോഗ്യസംവിധാനങ്ങൾ എന്നിവ സമ്മാനമായി നൽകി. പ്രധാനാധ്യാപിക ജെസ്സി ജോസഫ്, പിടിഎ പ്രസിഡന്റ് റവ. പി.എ.തോമസ്, വൈസ് പ്രസിഡന്റ് ഷാജൽ കക്കോടി, മദർ പിടിഎ ചെയർമാൻ സുജ പ്രമോദ്, പിടിഎ പ്രവർത്തകസമിതി അംഗങ്ങളായ ഫൈജാസ്, ഷീബ, അധ്യാപകരായ നിസ്സിൻ ജോയ്, പി. ഷൈനി, ആഷ്‌ലി ജെറാൾഡ്, സിന്ധു പോൾ, സനൽ കിഷോർ എന്നിവരാണ് സമ്മാനങ്ങളുമായി സനയുടെ വീട്ടിലെത്തിയത്.സനയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ എത്തിയിട്ടുണ്ട്. വീട്ടിൽനിന്ന് സ്കൂൾ വരെ പോയി വരാനുള്ള സുരക്ഷിതമായ യാത്രാമാർഗത്തിനാണ് സന കാത്തിരിക്കുന്നത്.

‘‘യുആർസിയിൽനിന്ന് പരിശീലക വീട്ടിലെത്തിയാണ് സനയുടെ പഠനകാര്യങ്ങൾ നോക്കിയിരുന്നത്. വിദ്യാഭ്യാസ വകുപ്പും എസ്എസ്കെയും സനയ്ക്ക് സ്കൂളിൽ എത്തി പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കും. സനയുടെ ആരോഗ്യത്തിന് അനുയോജ്യമായ രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുക.’’  ∙ ഡോ. എ.കെ. അബ്ദുൽ ഹക്കീം (എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഓഡിനേറ്റർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS