ADVERTISEMENT

കോഴിക്കോട്∙ ലോക സൈക്കിൾ ദിനമായിരുന്ന ഇന്നലെ ജോർജിയയിലെ തെരുവുകളിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ കോഴിക്കോട്ടുകാരൻ ഫായിസ് അഷ്റഫ് അലിക്ക് ഒരേ ഒരു ലക്ഷ്യം: സൈക്കിളും ചവിട്ടി ലണ്ടനിലെത്തി ചരിത്രം കുറിക്കുക. തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ ഫായിസ് പണ്ടേ സൈക്കിൾ പ്രിയനാണ്. വിപ്രോയിൽ ജീവനക്കാരനായിരുന്നു. തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജി വച്ചു. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കാണ് ആദ്യമായി സൈക്കിളിൽ യാത്ര ചെയ്തത്. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ 8000 കിലോമീറ്ററുകളോളം സഞ്ചരിച്ചു.

104 ദിവസം കൊണ്ട് സിംഗപ്പൂരിലെത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് ഫായിസ് ലണ്ടൻ യാത്ര തുടങ്ങിയത്. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലണ്ടനിൽ എത്തിച്ചേരാനാണു പദ്ധതി. ടീം എക്കോ വീലേഴ്സിന്റെയും റോട്ടറി ഇന്റർനാഷനലിന്റെയും സഹായത്തോടെയാണ് ഫായിസ് യാത്ര തുടങ്ങിയത്.

ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തു മന്ത്രി വി.ശിവൻകുട്ടിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ജോർജിയയിലെ ടിബ്‌ലിസിയിലൂടെയാണ് ഫായിസ് ഇപ്പോൾ കടന്നു പോകുന്നത്. ഫായിസിന്റെ സൈക്കിൾ കടന്നു പോകുന്ന പതിനൊന്നാമത്തെ രാജ്യമാണ് ജോർജിയ. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് സഞ്ചാരം. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിലെ അംഗമാണ് ഫായിസ് അലി. ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലും ഫായിസിന്റെ സ്വപ്നയാത്രയ്ക്കു പിന്തുണയേകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com