വടകര ∙ ചെന്നൈ – മംഗളൂരു ട്രെയിനിൽ പുക ഉയർന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 8.30ന് വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് കോച്ചിൽ നിന്ന് പുക ഉയർന്നത് കണ്ടത്. ഇതിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷറിൽ നിന്നാണ് പുക എന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. ഈ കോച്ചിൽ സ്റ്റേഷനിൽനിന്നു കയറ്റിയ പഴയ വസ്ത്രങ്ങളുടെ ചാക്ക് ഫയർ എസ്റ്റിംഗ്യുഷറിന്റെ മുകളിൽ ഇട്ടപ്പോൾ അതിന്റെ പിൻ ഊരിപ്പോയതിനെ തുടർന്നാണ് പുക വന്നത്.
കോഴിക്കോട് ഭാഗത്തു നിന്നു വന്ന ട്രെയിൻ 10 മീറ്റർ നീങ്ങിയപ്പോഴായിരുന്നു പുക കണ്ടത്. ഉടൻ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. പരിഭ്രാന്തരായ ആളുകൾ ഓടി പ്ലാറ്റ്ഫോമിൽ ഇറങ്ങി നിന്നു. 15 മിനിറ്റ് ട്രെയിൻ വടകരയിൽ നിർത്തി. തുടർന്ന് യശ്വന്ത്പുര എക്പ്രസും 15 മിനിട്ട് വൈകി.