ADVERTISEMENT

കോഴിക്കോട്∙ മലബാറുകാരുടെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്സിയിൽനിന്ന് അവരുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയം തിരിച്ചെടുക്കാനുള്ള  കോർപറേഷന്റെ നീക്കത്തിനെതിരെ ഫുട്ബോൾ പ്രേമികൾ രംഗത്തെത്തി. സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച തർക്കമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. 13 വർഷം മുൻപ് ഉയർന്നുവന്ന ഫ്ലഡ്‌ലൈറ്റ് അഴിമതി ആരോപണങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ.

ഫ്ലഡ് ലൈറ്റിൽ തുടങ്ങിയ തർക്കം

സൂപ്പർ കപ്പിനു മുൻപ് സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തണണെന്ന് കോർപറേഷൻ ഗോകുലത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ വരുമാനമില്ലാത്ത സ്വകാര്യ ക്ലബ്ബിന് കോടികൾ ചെലവഴിച്ച് ഫ്ലഡ് ലൈറ്റ് നന്നാക്കുകയെന്നതു പ്രാവർത്തികമല്ലെന്ന് ഗോകുലം പ്രതിനിധികൾ അറിയിച്ചിരുന്നു. നിലവിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റ് സംവിധാനം മറ്റൊരു സ്റ്റേഡിയത്തിലും ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. ബൾബുകൾ മാറ്റിയിട്ടാൽപോലും ഒന്നോ രണ്ടോ മഴ കഴിയുമ്പോൾ പൂർണമായും നശിക്കും. അതുകൊണ്ട് 5 വർഷത്തേക്കോ 10 വർഷത്തേക്കോ കരാർ ഒരുമിച്ചു പുതുക്കി നൽകിയാൽ ഫ്ലഡ്‌ലൈറ്റ് അറ്റകുറ്റപ്പണി നടത്താമെന്നാണ് ഗോകുലം അറിയിച്ചത്. ഒരു വർഷത്തേക്ക് കരാർ പുതുക്കി നൽകാനേ കഴിയൂ എന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചതെന്നും ഗോകുലം കേരള പ്രതിനിധി പറഞ്ഞു. സ്റ്റേഡിയം നിർമാണത്തിൽ നടത്തിയ അഴിമതികൾ കൊണ്ടുണ്ടായ വീഴ്ചകൾ ഗോകുലത്തിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് കോർപറേഷൻ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഉയർന്നത്.

അന്നും വിവാദം

ഒന്നര പതിറ്റാണ്ടു മുൻപാണ് സ്റ്റേഡിയം നവീകരിച്ചത്. അന്നു സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കാൻ ഈ രംഗത്ത് മുൻപരിചയമുള്ള വൻകിട കമ്പനികൾ വന്നിരുന്നു. എന്നാൽ ഫ്ലഡ്‌ലൈറ്റ് സ്ഥാപിച്ച് മുൻപരിചയമില്ലാത്ത സ്പേസ് ഏജ് എന്ന കമ്പനിയെയാണ് കരാർ ഏൽപിച്ചത്. ഇതിൽ അഴിമതിയുണ്ടെന്ന് രാഷ്ട്രീയപാർട്ടികളും സംഘടനകളും ആരോപിച്ചിരുന്നു. 5.15 കോടി രൂപ മുടക്കിയാണ് ഫ്ലഡ്‌ലൈറ്റ് സ്‌ഥാപിച്ചത്. 2010 ജനുവരി 16നും 18നും സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഐ ലീഗ് ഫുട്ബോൾ മത്സരം ഫ്ലഡ് ലൈറ്റ് പ്രവർത്തിക്കാത്തതിനെതുടർന്ന് മുടങ്ങിയതാണ് അന്നു വിവാദമുയരാൻ കാരണം.

കത്താതിരുന്ന നാലാം നമ്പർ ഫ്ലഡ്‌ലൈറ്റിന്റെ കൺട്രോൾ പാനൽ, ഡിസ്‌ട്രിബ്യൂഷൻ ബോർഡ് എന്നിവയ്‌ക്കു തകരാറുകളില്ലെന്നു അസി. എക്സി. എൻജിനീയർ അന്നു നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.  എന്നാൽ, ഫസ്‌റ്റ് സ്‌റ്റേജിലെ രണ്ടാം നമ്പർ ഡിസ്‌ട്രിബ്യൂഷൻ ബോർഡിലേക്കുള്ള കേബിളിനു കുറുകെ ആണി അടിച്ചുകയറ്റിയതായി കണ്ടെത്തിയെന്നു റിപ്പോർട്ടിലുണ്ടെന്ന് അന്നത്തെ മേയർ വ്യക്തമാക്കിയിരുന്നു. ഇതുമൂലം കേബിൾ ഷോർട്ട് സർക്യൂട്ട് ആവുകയും തകരാർ ഉണ്ടാവുകയും ചെയ്‌തു എന്നാണ് ആരോപണം ഉയർന്നത്.   എന്നാൽ സംഭവദിവസം പ്രശ്‌നമുണ്ടായപ്പോൾ ആണി കണ്ടെത്തിയിരുന്നില്ലെന്നു സംഘാടകരും വ്യക്തമാക്കിയിരുന്നു. 

നിർമാണത്തിൽ അപാകത

സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ ഗാലറിയുടെ നിർമാണവും ഓഫിസുകളുടെ നിർമാണവും അശാസ്ത്രീയമാണ്. മഴ പെയ്താൽ ഓഫിസും ഡ്രസിങ് റൂമുകളും ചോർന്നൊലിക്കും. കെട്ടിടത്തിനടിയിലെ ഭൂഗർഭ പാർക്കിങ് മഴക്കാലത്ത് സ്വിമ്മിങ് പൂൾ പോലെ വെള്ളം നിറഞ്ഞു കിടക്കും.  മാവൂർ റോഡിലെ വിവാദ കെഎസ്ആർടിസി ടെർമിനൽ നിർമിച്ച അതേ ആർക്കിടെക്റ്റാണ് കോർപറേഷൻ സ്റ്റേഡിയത്തിന്റെയും ശിൽപി.

പിന്തുണയുമായി ആരാധകർ

കോർപറേഷൻ വിട്ടുവീഴ്ചയ്ക്കു തയാറാകണണെന്നും മൈതാനം ഗോകുലത്തിനു തിരികെ കൊടുക്കണമെന്നുമാണ് മലബാറിലെ ഫുട്ബോൾ ആരാധകരുടെ ആവശ്യം. മലബാർ മേഖലയിലെ താരങ്ങൾക്ക് അവസരം കൊടുത്ത് വളർത്തിക്കൊണ്ടുവരുന്ന ക്ലബ്ബിനുവേണ്ടി നൈനാംവളപ്പ് ഫുട്ബോൾ അസോസിയേഷൻ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com