നാദാപുരം∙ നിർമാണം നടക്കുന്ന ഒരു വീട്ടിൽ കൂടി മോഷണം. ഇലക്ട്രിക്കൽ വയറുകൾ കവർന്നു. പൊലീസ് സ്റ്റേഷനു സമീപം കൊമ്പന്റവിട അഷ്റഫിന്റെ വീട്ടിൽ നിന്നാണ് 2 ലക്ഷം രൂപയുടെ വയറുകൾ അപഹരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽ തുടർ പ്രവൃത്തികൾക്കായി വയർമാനൊപ്പം എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
കോൺക്രീറ്റ് വീടിന്റെ ഇരു നിലകളിലെ മുഴുവൻ വയറുകളും മോഷണം പോയ നിലയിലാണ്. ചുമരുകളിൽ പൈപ്പുകൾ സ്ഥാപിച്ച് വലിച്ച വയറുകളാണ് കവർന്നത്. വാതിലിന്റെ താഴ് നീക്കി അകത്ത് കടന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം ചീറോത്ത് മുക്കിലെ ചാമക്കാലിൽ ഹാരിസിന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ വയറിങ് ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഈ മേഖലയിൽ നിന്ന് അഞ്ചര ലക്ഷത്തിൽ പരം രൂപയുടെ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് മോഷണം പോയത്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ 4 വീടുകളിൽ മോഷണം നടന്നിട്ടുണ്ട്.