ADVERTISEMENT

താമരശ്ശേരി (കോഴിക്കോട്)∙ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച് വയനാട് ചുരത്തിൽ ഇറക്കിവിട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ പുഴമുടി കടുമിടുക്കിൽ വീട്ടിൽ ജിനാഫിനെ (32) ആണ് കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിനടുത്തുള്ള ചേരൻനഗറിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ജിനാഫ് കോഴിക്കോട് പന്തിരിക്കര ഇർഷാദ് വധക്കേസിലെ 11ാം പ്രതിയാണ്. വിദ്യാർഥിനിയെ വയനാട്, എറണാകുളം എന്നിവിടങ്ങളിൽ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, വയനാട് വൈത്തിരിയിലെ റിസോർട്ടിൽ എത്തിയ പ്രതി പൊലീസ് തന്നെ അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽപോയി. മേയ് 30ന് ഉച്ചയ്ക്കാണ് വിദ്യാർഥിനിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയത്.

വിദ്യാർഥിനിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പ്രകാരം പൊലീസ് അന്വേഷിക്കുന്നതിനിടെ, കഴിഞ്ഞ ഒന്നിനു രാവിലെ പത്തരയോടെ ചുരത്തിലെ വ്യൂപോയിന്റിനു സമീപം ഇറക്കി പ്രതി കടന്നു. വയനാട് കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.ഇർഷാദ് വധക്കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് നവംബർ 22നു ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആക്രിസാധനങ്ങളുടെയും മറ്റും കച്ചവടം നടത്തിവരികയായിരുന്നു.

താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി, ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ, സ്പെഷൽ സ്ക്വാഡ് എസ്ഐ രാജീവ്‌ ബാബു, താമരശ്ശേരി എസ്ഐ വി.പി.അഖിൽ, മുക്കം എസ്ഐ കെ.എസ്.ജിതേഷ്, എസ്‌സിപിഒ എൻ.എം.ജയരാജൻ, സിപിഒമാരായ റീന, ഷൈജൽ, വി.ആർ. ശോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിദ്യാർഥിനിയുമായി അടുത്തത് മണിക്കൂറുകൾക്കിടയിലെന്ന് പ്രതിയുടെ മൊഴി

താമരശ്ശേരി∙ ലഹരിമരുന്നു നൽകി പീഡിപ്പിച്ച വിദ്യാർഥിനിയുമായി അടുപ്പത്തിലായത് മണിക്കൂറുകൾക്കിടയിലെന്ന് പ്രതി ജിനാഫിന്റെ മൊഴി. കണ്ടുമുട്ടി വൈകാതെ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ കഴിഞ്ഞത് ലഹരി നൽകിയതിനാലാണെന്ന് സംശയമുണ്ട്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് കാറിൽ പോകുമ്പോഴാണ് പ്രതി വിദ്യാർഥിനിയെ കണ്ടത്. അന്നു തന്നെ കാറിൽ വയനാട്ടിൽ കൊണ്ടുപോയി.

ഇതിനു ശേഷം 30ന് സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിടാൻ കൂടെ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഇവർ നെടുമ്പാശ്ശേരിയിൽ എത്തിച്ച സുഹൃത്ത് വിമാനം കിട്ടാതെ മടങ്ങുകയും ചെയ്തു. 30ന് പുലർച്ചെ 1.30 നുള്ള വിമാനം ഉച്ചയ്ക്ക് 1.30ന് ആണെന്നു തെറ്റിദ്ധരിച്ചതാണ് യാത്ര മുടങ്ങാൻ കാരണം. പിന്നീട് സ്പോൺസർ ഇടപെട്ട് പിറ്റേ ദിവസം ടിക്കറ്റ് ശരിയാക്കിയങ്കിലും സാങ്കേതിക കാരണത്താൽ അതും മുടങ്ങി.

ഇതോടെ കൽപറ്റ സ്വദേശിയായ യുവാവ് നാട്ടിലേക്ക് തിരിച്ചുപോയി. വിവരം അറിഞ്ഞ് പൊലീസ് കൽപറ്റയിൽ എത്തി ഈ യുവാവിനെ ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നിനു രാവിലെ പത്തരയോടെ വിദ്യാർഥിനിയെ ചുരത്തിൽ ഇറക്കി വിട്ട പ്രതി ജിനാഫ് രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടുപോകുന്നതു വരെ ചുരത്തിൽ മാറിനിന്നുവെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com