ADVERTISEMENT

ഓമശ്ശേരി∙ മലയോര മേഖലയുടെ കവാടമായ ഓമശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്കരിച്ചബൈപാസ് പദ്ധതി വർഷങ്ങളായി കാര്യമായ നടപടികളില്ലാതെ നീണ്ടുപോകുന്നു. ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി ഫയലിൽ ഉറങ്ങാൻ കാരണം. കാരാട്ട് റസാഖ് എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച 3 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ ലഭ്യമായ തുക.

സ്ഥലമേറ്റെടുപ്പ് അടക്കം പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കാൻ 50 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. നിർമാണ പ്രവൃത്തികൾക്കും സ്ഥലമേറ്റെടുപ്പിനുള്ള ഇൻവെസ്റ്റിഗേഷൻ നടപടികളാണ് പൂർത്തിയായത്. വീടുകളും കടകളും കൂടുതലുള്ള സ്ഥലത്തുകൂടി അല്ല ബൈപാസ് കടന്നുപോകുന്നത് എന്നതിനാൽ സ്ഥലമേറ്റെടുക്കൽ എളുപ്പം പൂർത്തിയാക്കാനാകും.

കൂടത്തായി റോഡിൽ മങ്ങാട് മുതുവനവയലിൽ നിന്ന് തുടങ്ങി പൂളപ്പൊയിൽ അങ്ങാടി വരെ നീളുന്നതാണ് നിർദിഷ്ട ബൈപാസ്. ഓമശ്ശേരി ടൗണിനെ ഒന്നര കിലോമീറ്ററോളം തൊടാതെ ബൈപാസ് നിർമിക്കാനാണ് പദ്ധതി. പദ്ധതി വരുന്നതോടെ മുക്കം ഭാഗത്തേക്കുള്ള യാത്ര എളുപ്പമാവുകയും, ഓമശ്ശേരി ടൗണിൽ ഗതാഗത സ്തംഭനം കുറയുമെന്നുമാണ് പ്രതീക്ഷ.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരണം ഏതാണ്ട് പൂർത്തിയായതോടെ പുതിയ ബൈപാസ് കൂടി വന്നാൽ പ്രദേശത്തെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണു കരുതുന്നത്. കൊടുവള്ളി റോഡ് ജംക്‌ഷൻ, തിരുവമ്പാടി റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനൊപ്പം ടൗണിൽ ഓട്ടോകൾക്കും ടാക്‌സികൾക്കും ഉചിതമായ സ്ഥലത്ത് സ്റ്റാൻഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. 

English Summary: Needed 50 crores, got 3 crores; Omassery bypass process continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com