കോഴിക്കോട് ∙ വിൽപന നടത്താൻ വീട്ടിൽ സൂക്ഷിച്ച ലഹരിമരുന്ന് സഹിതം പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പയ്യാനക്കൽ പട്ടർതൊടിയിൽ സർജാസിനെ (38) സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേർന്നു പിടികൂടി. 13.730 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നു പോകുന്നതായും അവർ ശല്യമുണ്ടാക്കുന്നു വെന്നും പരിസരവാസികൾ പരാതി ഉന്നയിച്ചിരുന്നു.
പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഇയാൾ ലഹരിമരുന്നു വിൽപന നടത്തുന്നതായി മനസ്സിലായി. സർജാസിനു വലിയ അളവിൽ എംഡിഎംഎ നൽകുന്നവരെ കുറിച്ചു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തും. ചിലർ നിരീക്ഷണത്തിലാണെന്നു പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ.അർജുൻ, രാകേഷ് ചൈതന്യം, പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ബിജു, വനിത സിപിഒ ഫുജറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.