കോഴിക്കോട്∙ അതിവേഗത്തിലെത്തിയ സ്വകാര്യബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 11 പേർക്കു പരുക്കേറ്റു. ബസിടിച്ചു വൈദ്യുത ലൈനും പൊട്ടിവീണെങ്കിലും റോഡരികിൽ നിന്നിരുന്ന വിദ്യാർഥികൾ അടക്കമുള്ളവർ തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. മാവൂർ റോഡ് പട്ടേരി ഭാഗത്ത് ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. താമരശ്ശേരി – കോഴിക്കോട് റൂട്ടിൽ മെഡിക്കൽ കോളജ് വഴി സർവീസ് നടത്തുന്ന ബസാണു നിയന്ത്രണം വിട്ടത്. ഓട്ടോറിക്ഷയെ മറികടക്കാൻ വലതുവശത്തേക്കു വെട്ടിച്ച ബസ് റോഡിന്റെ മറുവശത്തേക്കു കുതിക്കുകയായിരുന്നു.

വലിയ മരത്തിൽ ബസ് ഇടിച്ചു നിൽക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണു. തൊട്ടടുത്ത കടയ്ക്കും കേടുപാടു സംഭവിച്ചു. മരത്തിന്റെ തൊട്ടടുത്ത് ചെറിയ കുട്ടിയെയും കൊണ്ട് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ബസ് കുതിച്ചു തൊട്ടടുത്ത് എത്തിയപ്പോഴേക്കും അദ്ദേഹം കുട്ടിയെ ഒരു കയ്യിൽ തൂക്കിയെടുത്ത് ഓടി. സെക്കൻഡുകളുടെ വ്യത്യാസത്തിലാണു രക്ഷപ്പെട്ടത്. ഏതാനും മീറ്റർ അകലെ വിദ്യാർഥി അടക്കം 2 പേർ നിൽക്കുന്നുണ്ടായിരുന്നു. അവരും ബസ് മരത്തിലിടിക്കുന്നതു കണ്ട് ഓടി. ഓടിമാറുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടാതിരുന്നതും ഭാഗ്യമായി.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പിലാശ്ശേരി സ്വദേശികളായ നിർമല (55), വീണ (50), പുത്തൻപുറ കുന്നുമ്മൽ മിനി (44), ഉഷ (54), ശ്രീകുമാർ (60), അബൂബക്കർ (65), താജു ബുലാലം (26), മുത്തലിഫ് (25), മെഹബുൽ സലാം (25), മുംതാസ് (26), റബേക്കുൽ (35) എന്നിവർക്കാണു പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. ആരുടെയും പരുക്കു ഗുരുതരമല്ല.
English Summary: The speeding bus hit a tree in Kozhikode