ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം വിനോദത്തിനു സൗകര്യങ്ങളില്ല
Mail This Article
പേരാമ്പ്ര ∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം. 131 ഹെക്ടർ വനപ്രദേശവും ചവറംമൂഴി പുഴയും തീരവും അടങ്ങുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം 2008ൽ ആണ് പ്രവർത്തനം തുടങ്ങിയത്. കാടിനെ അറിയാനും കാനന ഭംഗി ആസ്വദിക്കാനും ദിവസേന നൂറു കണക്കിന് സഞ്ചാരികൾ ഇവിടെ എത്താറുണ്ടെങ്കിലും കാടും പുഴയും അല്ലാതെ മറ്റൊരു വിനോദ പരിപാടികളും കാണാൻ ഇല്ലാതെ നിരാശരായി മടങ്ങുകയാണ്. തുടക്കത്തിൽ പുഴയിലൂടെ ഉല്ലാസയാത്ര നടത്താൻ മുളം ചങ്ങാടവും വനത്തിനുള്ളിൽ സഞ്ചാരികളെ ആകർഷിക്കാൻ ഏറുമാടവും ഒരുക്കിയിരുന്നു. ഇവയൊക്കെ പൂർണമായും നശിച്ചിട്ട് കാലമേറെയായി.
ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ഒരു സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല. കുട്ടികൾക്ക് കളിക്കാൻ പാർക്ക് ഇല്ല. ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സംവിധാനമില്ല. ഇത് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. ഇവിടെയെത്തുന്ന ചെറുവാഹനങ്ങൾ അടക്കം റോഡിൽ തന്നെ പാർക്ക് ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. വനത്തിനുള്ളിലെ റോഡ് കുറെ ഭാഗം പൊട്ടിത്തകർന്നു കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുരിതമായി. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെടുന്നു. കാടിനുള്ളിൽ മുള്ളൻകുന്ന് റോഡിലെ പ്രവേശന കവാടം കാടുമൂടി ജീർണിച്ച അവസ്ഥയിലാണ്. ചവറംമൂഴിയിൽ നിന്നു കേന്ദ്രത്തിലേക്ക് കടക്കുന്ന നീർപ്പാലത്തിന്റെ കൈവരികൾ തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ തയാറായിട്ടില്ല.
പൊതുഗതാഗതം തീരെ ഇല്ലാത്തതിനാൽ കേന്ദ്രത്തിൽ എത്താൻ സഞ്ചാരികൾ പ്രയാസപ്പെടുന്നു. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ചവറംമൂഴി പുഴയ്ക്ക് കുറുകെ പാലം നിർമിക്കാത്തത് ഏറെ പ്രയാസമാകുന്നു. കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയും വിദേശികൾക്ക് 50 രൂപയും പ്രവേശന ഫീസായി വാങ്ങുന്നുണ്ടെങ്കിലും വെറും കാട് കണ്ട് നിരാശരായി മടങ്ങുകയാണ് സഞ്ചാരികൾ. പുഴയിൽ ബണ്ട് കെട്ടി ജലത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചാൽ ഉല്ലാസ ബോട്ടുകൾ ഇറക്കി സഞ്ചാരികളെ ആകർഷിക്കാനും നല്ലൊരു വരുമാനം ഉണ്ടാക്കാനും കഴിയും.