പേരാമ്പ്ര ∙ ടൗണിലെ മാലിന്യക്കൂമ്പാരം കാരണം ജനം ദുരിതത്തിൽ. ചാക്കിലാക്കി റോഡിൽ തള്ളിയ മാലിന്യം മഴയത്ത് അഴുകിയതോടെ ദുർഗന്ധം രൂക്ഷമാണ്. മലിനജലത്തിൽ ചവിട്ടി നടക്കാൻ പറ്റാത്ത അവസ്ഥ. തെരുവുനായ്ക്കൾ കടിച്ചുവലിച്ചു ചാക്കുകൾ പൊട്ടിയതോടെ വഴിനീളെ മാലിന്യമാണ്. പേരാമ്പ്ര പഞ്ചായത്തിൽ മാലിന്യം എടുത്തു മാറ്റാൻ ഹരിത കർമ സേന ഉണ്ടെങ്കിലും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. വീടുകളിൽ നിന്ന് എടുക്കുന്ന മാലിന്യം ചാക്കിലാക്കി റോഡരികിൽ എത്തിക്കുന്നതല്ലാതെ സംസ്കരിക്കാൻ സംവിധാനമില്ല. നഗരമധ്യത്തിലെ മാലിന്യ സംഭരണ കേന്ദ്രം കത്തിയതിനെ തുടർന്ന് സംഭരിക്കാൻ സംവിധാനം ഇല്ലാത്തതാണ് മാലിന്യ നീക്കം നിലയ്ക്കാൻ കാരണമായി പറയുന്നത്. ബസ് സ്റ്റാൻഡിലും മാർക്കറ്റ് പരിസരത്തുമാണ് ഏറ്റവും കൂടുതൽ മാലിന്യം.
സ്റ്റാൻഡിൽ നിന്നു ജൂബിലി റോഡിലേക്ക് എത്തുന്ന കള്ളുഷാപ്പ് റോഡിൽ മാലിന്യവുമായി തെരുവുനായ്ക്കളുടെ കടിപിടിയാണ്. പുതുതായി ബവ്റിജസ് ഒൗട്ട്‌ലെറ്റ് കൂടി എത്തിയതോടെ സന്ധ്യ കഴിഞ്ഞാൽ ആളുകൾക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മാലിന്യ സംഭരണ കേന്ദ്രത്തിനു തീയിട്ട സംഭവത്തിൽ നടപടി വൈകുകയാണ്. തീപിടിച്ച സമയത്ത് മൂന്നു പേരെ മാർക്കറ്റിനു സമീപത്തെ സിസിടിവിയിൽ കാണുന്നുണ്ടെങ്കിലും ദൃശ്യത്തിനു വ്യക്തതയില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ് ആവശ്യം ഉന്നയിച്ചെങ്കിലും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധികാരികൾ. എത്രയും പെട്ടെന്ന് ടൗണിലെ മാലിന്യ പ്രശ്നം അവസാനിപ്പിക്കാൻ അധികാരികൾ തയാറാകണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.