കാരശ്ശേരി പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
Mail This Article
മുക്കം∙ നിപ്പ ഭീതിക്കും ആശങ്കയ്ക്കും ഇടയിൽ കാരശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്നു. മലാംകുന്ന്, മുരിങ്ങംപുറായ്, ആനയാംകുന്ന് വാർഡുകളിൽ വിദ്യാർഥികൾ അടക്കം 22 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും ശക്തമാക്കി. വീടുകൾ കയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ എന്നിവ നടത്തി. പഞ്ചായത്ത് അംഗം സുനിത രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ, ആശാ വർക്കർ അജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണവും ക്ലോറിനേഷനും നടത്തിയത്.
വ്യാപനത്തിൽ കുറവ് വന്നതായും അധികൃതർ പറഞ്ഞു. അതേ സമയം പഞ്ചായത്തിൽ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പ്രസിഡന്റ് വി.പി.സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. വാർഡ് തലത്തിൽ ആർആർടിമാരുടെ യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. പൊതുയോഗങ്ങളും പൊതുജന പങ്കാളിത്തമുള്ള പരിപാടികളും മാറ്റിവച്ചു.