റബർ വിലസ്ഥിരതാപദ്ധതി നിലച്ചു; കർഷകർ ദുരിതത്തിൽ

kozhikode-rubber-sheet
SHARE

തിരുവമ്പാടി ∙ റബർ വില സ്ഥിരതാ പദ്ധതി നിലച്ചത് കർഷകർക്ക് ദുരിതമായി. റബർ കർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തിട്ട് മാസങ്ങളായി. പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല. ചെറുകിട റബർ കർഷകർക്ക് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാൻ 2015 ജൂലൈയിൽ ആരംഭിച്ചതാണ് റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം. ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകനു ധനസഹായം ആയി നൽകുന്ന പദ്ധതിയാണിത്. റബർ വിൽക്കുമ്പോൾ നൽകുന്ന ബില്ലും അനുബന്ധ രേഖകളും റബർ ഉൽപാദക സംഘം (ആർപിഎസ് ) വഴി കൃഷി വകുപ്പിലേക്കും റബർ ബോർഡ് വഴി സർക്കാരിലേക്കും ലഭിക്കുമ്പോഴാണ് കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ പണം എത്തുന്നത്.

2022ൽ  150 രൂപ എന്നത് 170 രൂപ ആക്കി വർധിപ്പിച്ചു. എന്നാൽ, വളരെ കുറച്ച് കർഷകർക്ക് മാത്രമാണ് ഇതു ലഭിച്ചത്. സംസ്ഥാന സർക്കാർ ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ സാമ്പത്തിക വർഷം സബ്സിഡി അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 500 കോടി രൂപ വകയിരുത്തിയതിൽ ഫെബ്രുവരി വരെ 32 കോടി രൂപ മാത്രമാണു വിതരണം ചെയ്തത്.  ഗ്രേഡ് ഷീറ്റിന്റെ വില കണക്കാക്കിയാണ് ഇൻസെന്റീവ് അനുവദിക്കുന്നത്. ഇപ്പോൾ 142 രൂപ ആണ് ഗ്രേഡ് ഷീറ്റിന് വില. എന്നാൽ, ഒരു കിലോ ഗ്രേഡ് ഷീറ്റ് ഉൽപാദിപ്പിക്കാൻ 200 രൂപ ചെലവ് വരും. റബർ ലോട്ടിനു118 മുതൽ 122 വരെ ആണ് വില. സംസ്കരണ ചെലവ് കുറയ്ക്കാൻ ഒട്ടേറെ കർഷകർ ലാറ്റക്സ് ചണ്ടിപ്പാലായി ഉണക്കി വിൽക്കുകയാണ്. നിലവിൽ ഒട്ടുപാലിനും ചണ്ടിപ്പാലിനും 83 രൂപയാണു വില. ഉൽപാദന ചെലവ് കൂടുകയും വില കുറയുകയും ചെയ്തതോടെ ഒട്ടേറെ കർഷകർ റബർ ടാപ്പിങ് നിർത്തി. പലരും ടാപ്പിങ് പാട്ടത്തിന് കൊടുത്തു ഈ മേഖലയിൽ നിന്നു മാറി നിൽക്കുകയാണ്. സഹായ പദ്ധതികൾ നിലയ്ക്കുന്നതോടെ റബർ കർഷകർ ഏറെ ദുരിതത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS