മിഠായിത്തെരുവിനു മുന്നിൽ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍ മല പോലെ!; കുന്നുകൂടിയിട്ടു 3 മാസം

HIGHLIGHTS
  • കൂടിക്കിടക്കുന്നത് പാർക്കിങ് പ്ലാസയ്ക്കായി പൊളിച്ച കിഡ്സൺ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ
building-debris-is-not-removed-kozhikode
പാർക്കിങ് പ്ലാസ നിർമിക്കാൻ കോർപറേഷൻ പൊളിച്ചു നീക്കിയ കിഡ്സൺ ബിൽഡിങ്ങിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്ത നിലയിൽ. ചിത്രം : മനോരമ
SHARE

കോഴിക്കോട് ∙ പാർക്കിങ് പ്ലാസ നിർമിക്കാൻ കോർപറേഷൻ പൊളിച്ചു നീക്കിയ പഴയ കിഡ്സൺ ബിൽഡിങിന്റെ അവശിഷ്ടങ്ങൾ മിഠായിത്തെരുവിന്റെ കവാടത്തിൽ കുന്നുകൂടിയിട്ടു 3 മാസം പിന്നിട്ടു.  മിഠായിത്തെരുവിലേക്കു കടക്കുന്നതിനു തൊട്ടടുത്തായാണ് കോൺക്രീറ്റ് അവശിഷ്ടങ്ങളും മണലും പൊട്ടിയ കല്ലുമെല്ലാം മല പോലെ കിടക്കുന്നത്.മഴ മാറുന്നതോടെ ചെറിയൊരു കാറ്റിൽ പോലും വൻതോതിൽ പൊടി പാറും. കെട്ടിടാവശിഷ്ടങ്ങളിൽ വിൽക്കാനാകുന്ന കല്ലുകളും മര ഉരുപ്പടികളുമെല്ലാം ഇവിടെ നിന്നു നീക്കി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലാണു മെല്ലെപ്പോക്ക്.

കെട്ടിടം പൊളിച്ചു നീക്കാൻ കോർപറേഷനിൽ നിന്നു കരാർ എടുത്തയാൾ ഇതു മറ്റൊരാൾക്ക് ഉപ കരാർ നൽകിയെന്നാണു വിവരം. അവരാകട്ടെ, കോൺക്രീറ്റ് അവശിഷ്ടങ്ങൾ ആവശ്യമുള്ളവർ ലോറിയുമായി വരുമ്പോൾ മാത്രം നൽകുന്ന രീതിയാണ് തുടരുന്നതെന്നാണ് പരിസരത്തെ കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ 2 ആഴ്ചയായി ഇവിടെ നിന്ന് കാര്യമായി കെട്ടിടാവശിഷ്ടങ്ങൾ ഒന്നും നീക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണു പ്രവൃത്തി. 

പാർക്കിങ് പ്ലാസയുടെ പ്രവൃത്തി തുടങ്ങാൻ ഈ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യണം. എന്നാൽ മാത്രമേ, കോർപറേഷന് പാർക്കിങ് പ്ലാസയുടെ നിർമാതാക്കളുമായി കരാർ ഒപ്പ് വയ്ക്കാനാവൂ. ഇവിടെ 320 കാറുകളും 180 ഇരുചക്രവാഹനങ്ങളും നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് പ്ലാസ നിർമിക്കാനാണ് കോർപറേഷൻ പദ്ധതിയിട്ടിരിക്കുന്നത്. 

കഴിഞ്ഞ കൗൺസിലിന്റെ  കാലത്തുള്ള പദ്ധതിയാണ് അവരുടെ കാലാവധി കഴിഞ്ഞ് പുതിയ കൗൺസിൽ വന്നിട്ട് 3 വർഷം പിന്നിടുമ്പോഴും തറക്കല്ലിടാൻ പോലും കഴിയാതെ ഇഴയുന്നത്. ഈ നില തുടർന്നാൽ ഈ കൗൺസിലിന്റെ കാലത്തും ഇവിടെ പാർക്കിങ് പ്ലാസ പൂർത്തിയാക്കാനാകാത്ത അവസ്ഥയായിരിക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS