കോഴിക്കോട്∙ 2018 മുതൽ തുടർച്ചയായി കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും സ്രവ ശേഖരണം, റൂട്ട് മാപ്പ് തയാറാക്കൽ, സമ്പർക്കപ്പട്ടിക എന്നിവ പിഴവില്ലാതെ ചെയ്യാൻ കഴിയാതെ ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെയും സംശയിക്കുന്നവരുടെയും സ്രവ സാംപിളുകൾ ശേഖരിക്കുന്നത് അശാസ്ത്രീയമായാണെന്നും ആക്ഷേപം. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ശേഖരിക്കുകയും കൈമാറുകയും ചെയ്ത സാംപിളുകൾ പരിശോധിക്കില്ലെന്നു പറഞ്ഞു തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ലാബിൽ നിന്നു 82 സാംപിളുകൾ തിരിച്ചു നൽകി. 51 സ്രവ സാംപിളുകൾ ചോരുന്ന സ്ഥിതിയിലായതിനാലാണു തിരിച്ചു നൽകിയത്.
നിപ്പ റിപ്പോർട്ട് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും നിപ്പ ബാധിതരുടെ സമ്പർക്കപ്പട്ടിക പൂർത്തിയായില്ല. സമ്പർക്കപ്പട്ടികയിൽ വിട്ടുപോയവരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ് ഇന്നലെ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആദ്യരോഗിയിലെ വൈറസ് ഉറവിടം കണ്ടെത്താൻ പൊലീസ് സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതായും മന്ത്രി ഇന്നലെ വ്യക്തമാക്കി. ഇതുവരെ ഇറക്കിയ റൂട്ട്മാപ്പുകൾ പലതും തിരുത്തേണ്ടി വന്നു. 11നു നിപ്പ ബാധിച്ചു മരിച്ച മംഗലാട് സ്വദേശി ഹാരിസ്, 13നു രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ, 14നു രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശി എന്നിവരുടെ റൂട്ട്മാപ്പിലാണു ദിവസങ്ങൾക്കു ശേഷം തിരുത്തൽ വരുത്തിയത്.
റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിലാണ് സമ്പർക്കമുള്ളവരെ കണ്ടെത്തുന്നത് എന്നിരിക്കെ പിഴവു വരുന്നതും ദിവസങ്ങൾക്കു ശേഷം തിരുത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. മംഗലാട് ഹാരിസിന്റെ റൂട്ട്മാപ്പിൽ 8ന് ഉച്ചയ്ക്ക് 12നും1നും ഇടയിൽ മംഗലാട് തട്ടാൻകോട് മസ്ജിദ് എന്നത് പിന്നീട് വടകര പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ എടോടി ജുമാമസ്ജിദ് എന്നു തിരുത്തേണ്ടി വന്നു.
രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പിൽ സെപ്റ്റംബർ 10നു രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്കു സമീപത്തെ റിലയൻസ് മാർട്ട് എന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് കാരപ്പറമ്പിലേതാണെന്നും അതിനു ശേഷം മലാപ്പറമ്പിലേതാണെന്നും തിരുത്തി ചെറുവണ്ണൂർ സ്വദേശിയായ യുവാവിന്റെ ആദ്യ റൂട്ട് മാപ്പിൽ ഇയാൾ മെഡിക്കൽ കോളജിൽ എത്തിയ തീയതിയും സമയവും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
14ന് ഉച്ചയ്ക്ക് 1.30നാണ് ഇയാൾ മെഡിക്കൽ കോളജിൽ എത്തിയതെങ്കിലും ആദ്യ റൂട്ട്മാപ്പിൽ ഇയാൾ 11ന് 12.30ന് എത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് തിരുത്തി 14 എന്നാക്കി. തിരുത്തിയ റൂട്ട്മാപ്പിലും വിവരങ്ങൾ അപൂർണമായിരുന്നു. 14ന് ഉച്ചയ്ക്ക് 1.31നാണ് ഇയാൾ മെഡിക്കൽകോളജിൽ എത്തി ഒപി ടിക്കറ്റ് എടുത്തത്. തുടർന്ന് ഒന്നര മണിക്കൂറോളം അത്യാഹിത വിഭാഗത്തിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ശേഷമാണു ഇയാളെ ഒടുവിൽ നിപ്പ ട്രയാജിലേക്ക് മാറ്റിയത്. എന്നാൽ റൂട്ട് മാപ്പിൽ 12.30ന് മെഡിക്കൽ കോളജ് എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
English Summary: Nipah virus outbreak