തീരദേശ പട്രോളിങ്: ചെറുവല ഉപയോഗിച്ചു മത്സ്യം പിടിച്ച 4 ബോട്ടുകൾ കസ്റ്റഡിയിൽ
Mail This Article
കോഴിക്കോട്∙ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിന്റെ നേതൃത്വത്തിൽ ജില്ലയുടെ തീരദേശ കടലിലും ഹാർബറിലും ഇന്നലെ പട്രോളിങ് നടത്തി. 4 ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. ചെറുവല ഉപയോഗിച്ചു പിടിച്ച മത്സ്യവും പിടികൂടി. ഇന്നലെ കൊയിലാണ്ടി, പുതിയാപ്പ എന്നീ ഹാർബറുകളിൽ നടത്തിയ പരിശോധനയിലാണ് 2 വീതം ബോട്ടുകൾ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്.
2 ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്തി. മറ്റു 2 ബോട്ടുകൾക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.കടലിന്റെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ, മത്സ്യ സമ്പത്തിനു വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീർ അറിയിച്ചു.
കഴിഞ്ഞ ദിവസം വെള്ളയിൽ ഹാർബറിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുഞ്ഞൻ മത്തി വിൽപന നടത്തിയിരുന്നു. ഇത്തരം നടപടി തുടരുന്ന മീൻപിടിത്ത യാനങ്ങൾക്കും ഉടമകൾക്കുമെതിരെ കർശന നടപടി ഉണ്ടാകുമെന്നു ഫിഷറീസ് അധികൃതർ അറിയിച്ചു. പട്രോളിങ്ങിനു മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് കെ.ഷൺമുഖൻ നേതൃത്വം നൽകി.