അഗസ്ത്യൻമൂഴി ഇഎസ്ഐ ഡിസ്പെൻസറി, പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിൽ
Mail This Article
മുക്കം∙ അഗസ്ത്യൻമൂഴിയിൽ വാടക കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ഡിസ്പെൻസറിയിൽ എത്തിപ്പെടാൻ രോഗികൾ ബുദ്ധിമുട്ടുന്നു. പ്രായമായവരും സ്ത്രീകളുമാണ് ഏറെ പാടുപെടുന്നത്. 2019 ഒക്ടോബർ 19 മുതൽ അഗസ്ത്യൻമൂഴിയിൽ പ്രവർത്തിക്കുന്ന മുക്കം ഇഎസ്ഐ ഡിസ്പെൻസറിയാണ് രോഗീസൗഹൃദമല്ലാത്തത്. ഏറെക്കാലത്തെ മുറവിളിക്ക് ഒടുവിലാണ് 4 വർഷം മുൻപ് മുക്കത്തിന് ഡിസ്പെൻസറി അനുവദിച്ചത്. മലയോര മേഖലയിലെ എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഉപകാരപ്രദമാണ് ഡിസ്പെൻസറി. ഇഎസ്ഐ കാർഡുള്ള നൂറുകണക്കിന് ജീവനക്കാരാണ് മലയോര മേഖലയിലുള്ളത്.
അഗസ്ത്യൻമൂഴി ഓമശ്ശേരി റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ 7 മുറികളിലായാണു ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ഡോക്ടർ റൂം, ഫാർമസി റൂം, കാർഡ് റൂം, ഐപി, ഓഫിസ് റൂം, തുടങ്ങിയവ ഇടുങ്ങിയ മുറികളിലാണു പ്രവർത്തിക്കുന്നത്. മുകളിൽ എത്തിപ്പെടാൻ പ്രയാസം നേരിടുന്ന രോഗികളെ ഡോക്ടർ താഴെ എത്തി പരിശോധന നടത്താറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. 4 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. താഴെ നിലയിൽ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റിയാൽ രോഗികൾക്കും ജീവനക്കാർക്കും ആശ്വാസമാകും.
ഡോക്ടർ ഉൾപ്പെടെ 9 ജീവനക്കാരുണ്ട്. അതേ സമയം കെട്ടിടത്തിൽ റാംപ് സൗകര്യം ഏർപ്പെടുത്താമെന്നു കെട്ടിട ഉടമ പറയുന്നതായും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത് രോഗികൾക്കും ആശ്വാസമാകും. മുക്കം നഗരസഭയ്ക്ക് പുറമേ കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി, തുടങ്ങിയ പഞ്ചായത്തുകളിലെ ഇഎസ്ഐ ആനൂകൂല്യം പറ്റുന്ന തൊഴിലാളികൾക്ക് അനുഗ്രഹമാണ് അഗസ്ത്യൻമൂഴിയിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറി.