കൃഷി ഭൂമി വനഭൂമിയാക്കി മാറ്റാൻ ഗൂഢനീക്കമെന്ന് പരാതി

Mail This Article
കൂരാച്ചുണ്ട് ∙ കാന്തലാട്, കൂരാച്ചുണ്ട് വില്ലേജ് പരിധിയിൽ കാർഷികാദായങ്ങളും വീടും നിലവിലുള്ള റവന്യു രേഖകളോടു കൂടിയ കൃഷിയിടം വനഭൂമിയാക്കി മാറ്റാൻ വനം വകുപ്പിന്റെ ഗൂഢനീക്കമെന്ന് പരാതി. വർഷങ്ങളോളം നികുതി നിഷേധിച്ച ശേഷം സർക്കാർ ഉത്തരവ് പ്രകാരം നികുതി സ്വീകരിച്ചു വരുന്ന 170 കർഷകരാണ് പ്രശ്നം നേരിടുന്നത്. 2005 മുതൽ നികുതി സ്വീകരിക്കാതിരുന്ന ഒട്ടേറെ കർഷകരുടെ ഭൂമിക്ക് 2013, 2016, 2018 വർഷങ്ങളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാന പ്രകാരം നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം നികുതി രസീത്, കൈവശ സർട്ടിഫിക്കേറ്റ് വില്ലേജുകളിൽ നിന്നും അനുവദിക്കുകയും ചെയ്തു.
തണ്ടപ്പേർ സർട്ടിഫിക്കറ്റ് വില്ലേജുകളിൽ നിന്നും അനുവദിക്കാത്തതിനാൽ കർഷകർ വെട്ടിലായി. തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഭൂമി കൈമാറ്റം, വിൽപന എന്നിവ മുടങ്ങി. ചില ബാങ്കുകൾ വായ്പ അനുവദിക്കാനും തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. 1977 ജനുവരി ഒന്നിനു മുൻപ് കൈവശ ഭൂമിയുള്ള കർഷകരുടെ ആധാരം, പട്ടയം, നികുതി രസീത്, റബർ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ ഹാജരാക്കുന്നവരിൽ നിന്നും നികുതി സ്വീകരിക്കാനും, റവന്യു രേഖകൾ അനുവദിക്കാനും സർക്കാർ തീരുമാനിച്ച് ഉത്തരവ് ഇറക്കിയതാണ്. എന്നാൽ വില്ലേജിൽ നിന്നും തണ്ടപ്പേർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.
വനഭൂമിയിൽ ഉൾപ്പെട്ട കൃഷിയിടം എന്ന് സൂചിപ്പിച്ച് വനം വകുപ്പ് വില്ലേജിൽ ഭൂനികുതി സ്വീകരിക്കുന്നത് തടഞ്ഞ് വില്ലേജ് ഓഫിസർമാർക്ക് മുൻപ് കത്ത് നൽകിയിരുന്നു. ഈ കത്തിനെ തുടർന്നാണ് മുൻപ് വില്ലേജ് അധികൃതർ നികുതി തടഞ്ഞത്. വനം വകുപ്പ് സർവേയർ കൃഷിയിടങ്ങളെ വനഭൂമിയായി രേഖപ്പെടുത്തി കല്ല് സ്ഥാപിച്ചതാണ് കർഷകർക്ക് വിനയായത്. ഈ പ്രദേശങ്ങൾ നിക്ഷിപ്ത വനഭൂമിയായി നോട്ടിഫിക്കേഷൻ ചെയ്തിട്ടുണ്ട്. വനം, റവന്യു വകുപ്പ് സംയുക്ത പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2019ൽ നികുതി സ്വീകരിച്ചത്. കർഷകരുടെ ഏക്കറുകണക്കിനു ഭൂമിയാണ് ഫോറസ്റ്റ് സർവേയിൽ വനഭൂമിയായി രേഖപ്പെടുത്തിയത്.
നിക്ഷിപ്ത വനഭൂമി സർക്കാർ ഡീനോട്ടിഫിക്കേഷൻ ചെയ്ത് ഉത്തരവ് ഇറക്കിയാൽ പ്രശ്നപരിഹാരം ആകും. കൃഷി ഭൂമി വനം വകുപ്പ് കർഷകരിൽ നിന്നും വില കൊടുത്ത് വാങ്ങിയാൽ വനഭൂമിയാക്കി മാറ്റാൻ സാധിക്കും. കരിയാത്തുംപാറ 28ാം മൈൽ മണ്ണാങ്കതടത്തിൽ സിറിയക്കിന് കൈവശ സർട്ടിഫിക്കറ്റ്, നികുതി രസീത് എന്നിവ ലഭിച്ചിരുന്നു. എന്നാൽ തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല.
ഇതിനെതിരെ കർഷകൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. കൃഷിഭൂമിയിൽ 1970ൽ സർവേ പൂർത്തീകരിച്ചതായി വില്ലേജിൽ റവന്യു രേഖകൾ നിലവിലുണ്ട്. എന്നാൽ 1977ൽ ഫോറസ്റ്റ് വകുപ്പ് നടത്തിയ സർവേയിലാണ് സിറിയക് താമസിക്കുന്ന വീട് ഉൾപ്പെടെ വനഭൂമിയായി മാറ്റിയിരിക്കുന്നത്. സിറിയക്കിന്റെ കൃഷി ഭൂമിയിൽ റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രാഥമിക പരിശോധന നടത്തി. നാളെ റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി സർവേ ചെയ്ത് വിശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും.