ഓടയിൽ വീണ് അപകടം: ഹൈക്കോടതി ഇടപ്പെട്ടു, നീതിക്കായുള്ള പോരാട്ടത്തിൽ ആദ്യപടി കടന്ന് മൂസക്കോയ

Mail This Article
കോഴിക്കോട് ∙ അശ്രദ്ധയോടെ നടത്തുന്ന പ്രവൃത്തിയുടെ ഇരയാണു പുതിയറ പങ്ങിണിക്കാട് വീട്ടിൽ പി.കെ.മൂസക്കോയ. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ആശ്വാസത്തിന്റെ ആദ്യപടി കടന്നിരിക്കുകയാണ് അദ്ദേഹം. ഓഗസ്റ്റ് 4നു രാത്രി വീട്ടിലേക്കുള്ള യാത്രയാണ് മൂസക്കോയയുടെ ജീവിതംതന്നെ മാറ്റിമറിച്ചത്. സംഭവം ഇങ്ങനെ: ഓഗസ്റ്റ് 4ന് കുടുംബത്തോടൊപ്പം രാത്രി ബീച്ചിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു. സൗത്ത് ബീച്ചിൽ നിർമാണം കഴിഞ്ഞ നടപ്പാതയിലൂടെ നടന്നു വരവേ സ്ലാബ് മൂടാത്ത ഭാഗത്തു 3 മീറ്റർ താഴ്ചയുള്ള ഓടയിലേക്കു വീണു.
അപകടത്തിൽ വലത്തെ തുടയെല്ലും 3 വാരിയെല്ലും പൊട്ടി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകോശത്തിലേക്ക് എല്ലു കയറിയതിനാൽ അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു 2 ശസ്ത്രക്രിയ നടത്തി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് മാത്രം 2.7 ലക്ഷം രൂപ ചെലവായി. അനുബന്ധ ചെലവുകൾ വേറെയും.
സാമ്പത്തികമായി തകർന്ന കുടുംബത്തെ ബന്ധുക്കളും നാട്ടുകാരും ആണു സഹായിച്ചത്. അശ്രദ്ധമായി നിർമിച്ച ഓടയിൽ വീണു പരുക്കേറ്റതിനാൽ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു മൂസക്കോയയും മകൻ മുഹമ്മദ് അഷറഫും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാനും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ച് കലക്ടർക്കു നോട്ടിസ് നൽകി. നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കലക്ടർ രണ്ടാഴ്‌ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാനാണ് ഹൈക്കോടതി നിർദേശം.
മാത്രമല്ല കോർപറേഷൻ പരിധിയിലുള്ള കാനകളുടെ പണി പൂർത്തിയാക്കാൻ പൊതുമരാമത്തു വകുപ്പ് റോഡ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്. ഓട നിർമാണം പൂർത്തിയാക്കി സ്ലാബിടാതെ ഓഴിച്ചിട്ട ഭാഗത്തെ വിടവിലൂടെയാണ് അപകടം ഉണ്ടായത്. ഓട നിർമാണം പൂർത്തിയാക്കിയാൽ സ്ലാബ് മൂടുകയോ, അതല്ലെങ്കിൽ മുന്നറിയിപ്പ് ബോർഡ്, സേഫ്റ്റി റിബൺ എന്നിവയോ സ്ഥാപിക്കേണ്ടതുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഈ മുൻകരുതലൊന്നും ഉണ്ടായിരുന്നില്ല. അപകടം ഉണ്ടായ സാഹചര്യത്തിൽ പ്രതിഷേധത്തെ തുടർന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇടപെട്ട് കരാറുകാരൻ രണ്ടു ദിവസം കൊണ്ട് 300 മീറ്റർ ഓടയ്ക്കു മുകളിൽ എല്ലാ സ്ലാബും സ്ഥാപിച്ച നിലയിലാണ്. എന്നാൽ അപകടത്തിൽ ഗുരുതര പരുക്കേറ്റ മൂസക്കോയയെ ഇതുവരെ ഉദ്യോഗസ്ഥരോ കരാറുകാരനോ കോർപറേഷൻ അധികൃതരോ തിരിഞ്ഞു നോക്കിയില്ല.