നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ: 10 ട്രെയിനുകൾ നിർത്തിയിരുന്ന സ്റ്റേഷനിൽ ഇപ്പോൾ സ്റ്റോപ്പ് 3 എണ്ണത്തിന് മാത്രം

Mail This Article
വടകര∙ ഏറെ യാത്രക്കാരുള്ള നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം. 10 ട്രെയിനുകൾ വരെ നിർത്തിയിരുന്ന സ്റ്റേഷനിൽ ഇപ്പോൾ 3 ട്രെയിനുകൾക്കു മാത്രമാണു സ്റ്റോപ്പ്. രാവിലെ കോഴിക്കോട് ഭാഗത്തേക്കു ട്രെയിനുകളില്ലാതെ സ്ഥിരം യാത്രക്കാർ ദുരിതത്തിലാണ്. കോവിഡിനെ തുടർന്നു നിർത്തലാക്കിയ ട്രെയിനുകൾക്കു സ്റ്റോപ്പ് പുനഃസ്ഥാപിച്ചപ്പോഴാണ് നാദാപുരം റോഡ് സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് എടുത്തു കളഞ്ഞത്. തൊട്ടടുത്ത മുക്കാളി സ്റ്റേഷന്റെയും സ്ഥിതി ഇതുതന്നെയാണ്.
എന്നാൽ, മടപ്പള്ളി ഗവ. കോളജ്, ഊരാളുങ്കൽ സൊസൈറ്റി, ഹയർ സെക്കൻഡറി സ്കൂളുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന നാദാപുരം റോഡിൽ സ്ഥിരമായി വന്നു പോകുന്നവർ ഏറെയാണ്. നേരത്തെ കോഴിക്കോട് ഭാഗത്തേക്ക് 2 ട്രെയിനുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അവയൊന്നും നിർത്തുന്നില്ല. 3.10 നുള്ള കണ്ണൂർ – കോഴിക്കോട് ട്രെയിൻ കാത്തിരിക്കേണ്ട സ്ഥിതിയാണ്. വൈകിട്ട് 4ന് ഷൊർണൂർ എക്സ്പ്രസ്, 6.10ന് ഷൊർണൂർ മെമു എന്നീ ട്രെയിനുകൾ കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുന്നുണ്ട്.
എന്നാൽ, നേരത്തെ നിർത്തിയിരുന്ന കണ്ണൂർ–കോയമ്പത്തൂർ–കണ്ണൂർ ട്രെയിനും കോഴിക്കോട്–കണ്ണൂർ– കോഴിക്കോട് ട്രെയിനും മംഗളൂരു – കോയമ്പത്തൂർ– മംഗളൂരു ട്രെയിനും ഇപ്പോൾ നാദാപുരം റോഡിൽ നിർത്തുന്നില്ല. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസും മെമുവും ആയാണ് സർവീസ് നടത്തുന്നത്. സ്ഥിരം യാത്രക്കാർ വടകരയിൽ പോയാണ് ട്രെയിൻ കയറുന്നത്. ദേശീയപാതയിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാദാപുരം റോഡ് സ്റ്റേഷനിൽ എടുത്തുകളഞ്ഞ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.