പെരുവാട്ടുംതാഴയിൽ പൈപ്പ് പൊട്ടി, നാല് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങി
Mail This Article
വടകര∙ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി പെരുവാട്ടുംതാഴയിൽ കുഴി എടുക്കുമ്പോൾ പൈപ്പ് ലൈൻ പൊട്ടി. നഗരത്തിലെ ചില ഭാഗങ്ങളിലും സമീപത്തെ 4 പഞ്ചായത്തുകളിലും ശുദ്ധജലം എത്തിച്ചിരുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടി വെള്ളം പാഴായത്. ഈ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. ഇന്നലെ പില്ലറിനായി കുഴിക്കുമ്പോഴാണു സംഭവം.
പൈപ്പുകൾ ഏതൊക്കെ ഭാഗങ്ങളിലൂടെയാണെന്ന് അറിയാത്ത അതിഥിത്തൊഴിലാളികൾ മണ്ണുമാന്തി യന്ത്രം കൊണ്ട് വലിയ കുഴി എടുക്കുമ്പോൾ പൈപ്പ് ലൈനിൽ തട്ടുകയായിരുന്നു. ഉടനെ വെള്ളം കുത്തിയൊലിക്കാൻ തുടങ്ങി. വിവരം അറിയിച്ചതിനെതുടർന്ന് ജല അതോറിറ്റി അധികൃതർ പുറമേരിയിൽ നിന്നുള്ള ലൈൻ അടച്ചു. നേരത്തെയും ഇതുപോലെ പൈപ്പ് ലൈൻ പൊട്ടിയിരുന്നു. അന്നു ദിവസങ്ങൾ എടുത്താണ് നന്നാക്കിയത്.
ഫയർ സ്റ്റേഷൻ റോഡ് ജംക്‌ഷന് സമീപം മണ്ണുമാന്തി യന്ത്രം കൊണ്ട് പൈപ്പ് ലൈൻ പൊട്ടി വീരഞ്ചേരി ഉൾപ്പെടെ ഉള്ള ഭാഗങ്ങളിൽ അന്ന് ജലവിതരണം തടസ്സപ്പെട്ടിരുന്നു. പെരുവാട്ടുംതാഴയിൽ പൈപ്പ് ലൈൻ പൊട്ടിയത് നന്നാക്കാൻ ദിവസങ്ങളെടുക്കും എന്നാണ് അറിയുന്നത്. പമ്പിങ് നിർത്തിയതിനാൽ നഗരത്തിൽ അമ്മാണ്ടി, കുരിയാടി ഭാഗങ്ങളിലും ഒഞ്ചിയം ചോറോട്, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും.