ബജറ്റ് ടൂറിസം സൂപ്പർഹിറ്റ്; പദ്ധതി കൂടുതൽ ഡിപ്പോകളിലേക്ക്

Mail This Article
കോഴിക്കോട്∙ സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര മേഖലകളിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദയാത്രകൾ സൂപ്പർഹിറ്റ്. കഴിഞ്ഞ ഒരുവർഷത്തിനകം ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആർടിസിക്കു ജില്ലയിൽ നിന്ന് ഒരു കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഒരു വർഷത്തിൽ 8 മാസവും കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽ നിന്നു മാത്രമായിരുന്നു ബജറ്റ് ടൂറിസം യാത്ര സംഘടിപ്പിച്ചിരുന്നത്. 4 മാസം മുൻപാണ് കോഴിക്കോട് ഡിപ്പോയിൽ ആരംഭിച്ചത്. ഈ 2 ഡിപ്പോകളിൽ നിന്നുമുള്ള യാത്രകൾ വൻ വിജയമായതിനെ തുടർന്ന് തിരുവമ്പാടി, വടകര, തൊട്ടിൽപാലം ഡിപ്പോകളിൽ നിന്നു കൂടി ബജറ്റ് ടൂറിസം യാത്രകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി. ഇതിൽ തിരുവമ്പാടി ഡിപ്പോയിൽ നിന്നുള്ള ആദ്യയാത്ര നാളെയാണ്.
വാഗമൺ, കുമളി, മലക്കപാറ, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലേക്കെല്ലാം ജില്ലയിൽ നിന്നും ബജറ്റ് ടൂറിസം സെൽ യാത്രകൾ നടത്തുന്നുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും സുരക്ഷിതമായി യാത്രകൾ നടത്താം എന്നതിനാലും പൊതുവേ ചെലവ് കുറവാണെന്നതും ഈ യാത്രകളെല്ലാം ജനപ്രിയമാക്കിയിട്ടുണ്ട്. 2 ദിവസം നീളുന്ന മൂന്നാർ, വാഗമൺ, ഗവി യാത്രകളും ഒരു ദിവസത്തെ വയനാട്, പെരുവണ്ണാമൂഴി, സൈലന്റ്‌വാലി, മലമ്പുഴ, നെല്ലിയാമ്പാതി യാത്രകളുമാണ് ജില്ലയിൽ നിന്നു ഒക്ടോബറിൽ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. മൂന്നാർ യാത്ര ഒക്ടോബർ 6,13,20,27 തീയതികളിൽ രാവിലെ 7 നു പുറപ്പെടും.
വാഗമണിലേക്ക് ഒക്ടോബർ 13, 21 തീയതികളിൽ രാത്രി 10ന് ആണ് യാത്ര. ഗവിയിലേക്കുള്ള യാത്ര ഒക്ടോബർ 19 നു രാവിലെ 10ന്. നെല്ലിയാമ്പാതിയിലേക്ക് ഒക്ടോബർ 1,8,15,22,29 തീയതികളിൽ രാവിലെ 4 നും വയനാട്ടിലേക്ക് ഒക്ടോബർ 8,14,24,29 തീയതികളിൽ രാവിലെ 6 നും പെരുവണ്ണാമുഴിയിലേക്ക് ഒക്ടോബർ 15,23 തീയതികളിൽ രാവിലെ 6 നും മലമ്പുഴയിലേക്ക് ഒക്ടോബർ 14 നു രാവിലെ 5 നും സൈലന്റ്‍വാലിയിലേക്ക് ഒക്ടോബർ 14,21 തീയതികളിൽ പുലർച്ചെ 4 നും യാത്ര ആരംഭിക്കും. 38 പേർ ഗ്രൂപ്പായി ബുക്ക് ചെയ്താൽ പ്രത്യേക യാത്ര ഒരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജുമുണ്ട്. പൂജാ അവധിക്ക് പ്രത്യേക പാക്കേജും ഒരുക്കുന്നുണ്ട്. ബുക്കിങ്ങിന് : 9544477954, 9846100728.