നിപ്പ ഭീതി അകലുന്നു; കോഴിക്കോട് നഗരം തിരക്കിലേക്ക്: മിഠായിത്തെരുവും വലിയങ്ങാടിയും സാധാരണ നിലയിൽ
Mail This Article
കോഴിക്കോട് ∙ നിപ്പ ഭീതിയും ആശങ്കകളും അകലുന്നതോടെ നഗരം വീണ്ടും തിരക്കുകളിലേക്കും സാധാരണ നിലയിലേക്കും കടന്നു. തുടർച്ചയായി 6–ാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് സർക്കാർ അയവു വരുത്തിയതോടെയാണ് നഗരം സാധാരണ പോലെയാകുന്നത്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും പാളയത്തുമെല്ലാം പതിവു തിരക്കുകൾ തിരിച്ചെത്തിയിട്ടുണ്ട്. ജനത്തിനു ഭയം അകന്നിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടുന്നില്ല. മാസ്ക് ധരിച്ചാണ് ആളുകൾ എത്തുന്നത്.
മിക്ക വ്യാപാര സ്ഥാപനങ്ങളുടെ കവാടത്തിലും മാസ്ക് ധരിക്കണമെന്ന് എഴുതി വച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നതിനും അയവു വരുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമായി ഒട്ടേറെ പേർ ബീച്ചിൽ സമയം ചെലവഴിക്കാൻ എത്തിയിരുന്നു. ബീച്ചിൽ തെരുവുകച്ചവടം നടത്തിയിരുന്ന ഉന്തുവണ്ടിക്കാർ കച്ചവടം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
കോർപറേഷൻ പരിധിയായ ചെറുവണ്ണൂരിലെ ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നതിനാൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടുണ്ട്. ദേശീയ പാതയിൽ നിന്നും ഇടറോഡുകളിലേക്കുള്ള പ്രവേശനം അടച്ചിരുന്നത് പലതും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജാഗ്രതയോടെയുള്ള പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണം ഇപ്പോഴും ഇവിടെയുണ്ട്.
English Summary: Nipah outbreak: More relaxations announced in Kozhikode