പുന്നയ്ക്കൽ തുരുത്ത് റോഡിലെ ചപ്പാത്തിൽ അപകടം പതിവ്

Mail This Article
തിരുവമ്പാടി∙ പുന്നയ്ക്കൽ തുരുത്ത് റോഡിലെ ചപ്പാത്തിൽ കാർ തോട്ടിലേക്ക് തെന്നി മാറി അപകടം. ഇന്നലെ വൈകുന്നേരം ആണ് കാർ നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീണത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാർ തോട്ടിൽ നിന്ന് കാർ തള്ളി കയറ്റി യാത്രക്കാരെ രക്ഷിച്ചു. വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പുന്നയ്ക്കലേയ്ക്കു പോകേണ്ടവർ തുരുത്ത് റോഡിലെ ചപ്പാത്ത് വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഏതു സമയത്തും മലവെള്ളപ്പാച്ചിൽ ഉണ്ടാകാവുന്ന ഈ റോഡ് ഏറെ അപകടകരമാണ്. സ്ഥല പരിചയം ഇല്ലാത്തവരാണു പലപ്പോഴും അപകടത്തിൽ ആകുന്നത്.
ഇടുങ്ങിയ വഴിയിലെ തോട്ടിലെ ചപ്പാത്ത് കടക്കുമ്പോൾ പലപ്പോഴും വാഹനങ്ങളുടെ നിയന്ത്രണം വിടുന്ന അവസ്ഥയുണ്ട്. ഇത്തരം നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായിട്ടുള്ളത്. അപകട മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതും സഞ്ചാരികൾക്ക് വിനയായിട്ടുണ്ട്.വഴിക്കടവ് പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ഒരു വശത്തു കൂടിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അപ്രോച്ച് റോഡിന്റെ അനുബന്ധ പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. തുരുത്ത് റോഡിലെ തോട്ടിൽ ഏതു സമയത്തും മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സഞ്ചാരികൾ പുന്നയ്ക്കൽ എത്തുവാൻ കൂടരഞ്ഞി റോഡും, മലയോര ഹൈവേയും ഉപയോഗിക്കുന്നത് നന്നായിരിക്കും എന്ന് അധികൃതർ അറിയിച്ചു.