താമരശ്ശേരി ബസ് ബേ പരിസരത്തു തെരുവുകച്ചവടം

Mail This Article
താമരശ്ശേരി∙ ടൗണിലെ തിരക്കേറിയ ബസ്ബേയും ഗാന്ധി പാർക്ക് പരിസരവും സന്ധ്യയാകുന്നതോടെ തെരുവുകച്ചവടക്കാർ കയ്യടക്കുന്നതു രാത്രി യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. രാത്രി എ ത്തുന്ന ബസുകളും യാത്രക്കാരും തെരുവുകച്ചവടം കാരണം ബസ് ബേയിൽ നിന്ന് പുറത്താകുന്നു. സമീപത്തെ പബ്ലിക് ലൈബ്രറിയുടെ പ്രവേശന കവാടം പോലും അടച്ചാണു തെരുവു കച്ചവടക്കാർ വാഹനങ്ങൾ നിരത്തുന്നത്.
കച്ചവടം തകൃതിയാകുന്നതോടെ നടപ്പാതയിലൂടെ പോലും പോകാനാകാത്ത സ്ഥിതി. ടൗണിലെ വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തു വൈകിട്ടു മീൻ വെള്ളം ഉൾപ്പെടെ നിറഞ്ഞു ദുർഗന്ധപൂരിതമാണ്.
ബസ് ബേയിലും ഗാന്ധി പാർക്ക് പരിസരത്തും തെരുവ് കച്ചവടം നിരോധിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് വിളിച്ചുചേർത്ത സർവ കക്ഷി യോഗം തീരുമാനിച്ച് മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇതേക്കുറിച്ച് ഒരു ബോർഡ് പോലും സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ നിയമ ലംഘനം പൊലീസും കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. താമരശ്ശേരി ടൗണിന്റെ ഹൃദയ ഭാഗത്താണ് ക്ലീൻ താമരശ്ശേരി പദ്ധതിയെ പോലും അട്ടിമറിക്കുന്ന തെരുവുകച്ചവടം. ബസ് ബേ, പബ്ലിക് ലൈബ്രറി, ഗാന്ധി പാർക്ക് സമുച്ചയ പരിസരത്തെ തെരുവുകച്ചവടം നിർത്തലാക്കി സർവ കക്ഷി തീരുമാനം നടപ്പാക്കണമെന്ന് വിവിധ സംഘടനകൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.