നിപ്പ: ഒൻപതു വയസ്സുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു

Mail This Article
കോഴിക്കോട്∙ നിപ്പ ബാധിച്ചു ചികിത്സയിലുള്ള ഒൻപതു വയസ്സുകാരന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി. ഒറ്റയ്ക്കു നടക്കാൻ സാധിക്കുന്നുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ കമ്യൂണിറ്റി സർവെയ്‌ലൻസ് തുടരുന്നതിന്റെ ഭാഗമായി ‘ഏകാരോഗ്യം’ സമിതി രൂപീകരിക്കും. കലക്ടർ അധ്യക്ഷയായ സമിതിയിൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിൽ നിന്നു അംഗങ്ങളുണ്ടാകും.‘സീറോ സർവെയ്‌ലൻസിന്റെ ഭാഗമായി രോഗിയുമായി അടുത്തിടപഴകിയ വ്യക്തികളുടെ ശരീരത്തിൽ ആന്റിബോഡി സാന്നിധ്യം പരിശോധിക്കും. മോണോക്ലോണൽ ആന്റിബോഡി തദ്ദേശീയമായി നിർമിക്കുന്നത് പരിശോധിക്കും’– മന്ത്രി പറഞ്ഞു.
പ്രവൃത്തി പരിചയ ശിൽപശാല
കോഴിക്കോട്∙ എല്ലാവിധ സുരക്ഷാ മാർഗങ്ങളും സ്വീകരിച്ച് നിപ്പ വൈറസിനെ കണ്ടുപിടിക്കുന്നതിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവൃത്തി പരിചയ ശിൽപശാല നടത്തി. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നും പബ്ലിക് ഹെൽത്ത് ലാബുകളിൽ നിന്നുമുള്ള ടെക്നിഷ്യന്മാർ പങ്കെടുത്തു. മന്ത്രി വീണാ ജോർജ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഐസിഎംആർ, പുണെ എൻഐവി, ആർവിആർഡിഎൽ, ഗവ. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം എന്നിവരാണ് പരിശീലനം നടത്തിയത്.
ഡോ. റിമ സഹായി, ഡോ. എ. നിയാസ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഡിഎംഇ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ, സൂപ്രണ്ട് ഡോ. കെ.ശ്രീജയൻ, ഡിഎച്ച്എസ് വൈസ് പ്രിൻസിപ്പൽ ഡോ.കെ. അരുൺകുമാർ, നിപ്പ നോഡൽ ഓഫിസർ ഡോ. ആർ.ചാന്ദിനി, ഡോ. പി.എം. അനിത, ഡിപി.എം ഡോ.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.