മൺസൂൺ നിയന്ത്രണം കഴിഞ്ഞു; ലക്ഷദ്വീപിലേക്ക് ഉരു പുറപ്പെട്ടു
Mail This Article
ബേപ്പൂർ ∙ മൺസൂൺ നിയന്ത്രണങ്ങൾക്കു ശേഷം തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കത്തിന് തുടക്കം. അമിനി, ആന്ത്രോത്ത് ദ്വീപുകളിലേക്കുള്ള ചരക്ക് കയറ്റിയ 2 ഉരുക്കൾ ഇന്നലെ രാവിലെ 6നു തുറമുഖം വിട്ടു. നിർമാണ വസ്തുക്കൾ, സിമന്റ്, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്ക് സാധനങ്ങൾ എന്നിവയുമായി മറൈൻ ലൈൻ ഉരു അമിനി ദ്വീപിലേക്കും മൗല ഉരു ആന്ത്രോത്ത് ദ്വീപിലേക്കുമാണ് സീസണിൽ ആദ്യമായി പുറപ്പെട്ടത്.
ഇവയ്ക്കൊപ്പം കൽപേനി ദ്വീപിലേക്ക് പുറപ്പെട്ട ശ്രീമുരുകൻ തുണൈ എന്ന ഉരു കാലാവസ്ഥ പ്രശ്നങ്ങളെ തുടർന്നു ഉച്ചയോടെ തിരിച്ചു പോന്നു. മറ്റു 4 ഉരുക്കൾ തുറമുഖത്ത് ചരക്ക് കയറ്റാനായി എത്തിയിട്ടുണ്ട്. 4 ദിവസത്തിനകം ഇവ തീരം വിടും. 15നു തുറമുഖത്തു നിയന്ത്രണങ്ങൾ നീക്കിയിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഉരുക്കളുടെ യാത്ര പ്രതിസന്ധിയിലായിരുന്നു.
കഴിഞ്ഞ ദിവസം തുറമുഖ അധികൃതരുടെ ക്ലിയറൻസ് ലഭ്യമായതോടെയാണ് ഉരുക്കൾ ദ്വീപിലേക്കു പുറപ്പെട്ടത്. കാലാവസ്ഥ മോശമായതിനാൽ മംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ഉരുക്കൾ ബേപ്പൂരിൽ എത്തിയിട്ടില്ല.ഇവകൂടി വരുന്നതോടെ വരും ദിവസങ്ങളിൽ ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കം സജീവമാകും.