വയനാട്ടിൽ കതിരിട്ട ‘നെല്ല്’; നൂറുമേനി കൊയ്ത ജോർജ്
Mail This Article
കോഴിക്കോട്∙മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായി മാറിയ കെ.ജി.ജോർജിന്റെ വളർച്ചയുടെ തുടക്കം മലബാറിന്റെ മണ്ണിലായിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് തിരികെയെത്തിയ കാലം. ‘മായ’ എന്ന സിനിമയിൽ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി ജോർജ് ചേർന്നു. കോഴിക്കോട്ടുകാരിയായ സാഹിത്യകാരി പി.വൽസലയുടെ ‘നെല്ല്’ സിനിമയാക്കാൻ രാമു കാര്യാട്ട് തീരുമാനിച്ച സമയം.
വയനാടിന്റെ വന്യതയും ഗ്രാമീണജീവിതവും വൽസലയുടെ പേനത്തുമ്പിൽ നിന്ന് ഇതിഹാസമായി അടർന്നുവീണ കൃതിയാണ് നെല്ല്. അതിനെ എങ്ങനെ ചലച്ചിത്രരൂപത്തിലേക്കു മാറ്റിയെടുക്കാം എന്നതു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി നേരിടാൻ രാമു കാര്യാട്ട് കൂടെ കൂട്ടിയതു സംവിധാനസഹായിയായിരുന്ന കെ.ജി.ജോർജിനെ.
കാര്യാട്ടും ജോർജും കോഴിക്കോട്ടു വന്ന് വൽസലയെ കണ്ടു. വൽസലയുടെ ഒപ്പമിരുന്ന് ചർച്ച ചെയ്ത് ജോർജാണ് നെല്ലിന്റെ തിരക്കഥ രൂപപ്പെടുത്തിയെടുത്തത്. സൗമ്യനായ മനുഷ്യനായിരുന്നു കെ.ജി.ജോർജ് എന്ന് പി.വൽസലയും ഭർത്താവ് എം.അപ്പുക്കുട്ടിയും ഓർത്തെടുക്കുന്നു.ലളിതമായ സ്വഭാവമായിരുന്നു കെ.ജി.ജോർജിന്റേത്.
നെല്ലിന്റെ ചിത്രീകരണം നടക്കുമ്പോൾ രാമു കാര്യാട്ടും കെ.ജി.ജോർജും വൽസലയും അപ്പുക്കുട്ടിയും താമസിച്ചിരുന്നത് ബത്തേരിയിലെ ടൂറിസ്റ്റ് ഹോമിലാണ്. ദിവസവും 65 കിലോമീറ്ററോളം യാത്ര ചെയ്താണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയിരുന്നത്. അക്കാലത്ത് വയനാട്ടിൽ താമസസൗകര്യം തീരെക്കുറവാണ്. ഒരു ദിവസം ഒരു പ്രമുഖ ചലച്ചിത്രനിർമാതാവ് രാമു കാര്യാട്ടിനെ കാണാൻ ബത്തേരിയിലെത്തി. ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
വൈകിട്ട് വൽസലയും അപ്പുക്കുട്ടിയും കെ.ജി.ജോർജുമൊക്കെ തിരികെ ബത്തേരിയിലെത്തി. ടൂറിസ്റ്റ് ഹോമിൽ വൽസലയുടെയും ഭർത്താവിന്റെയും മുറിയാണ് നിർമാതാവിനു ഹോട്ടലുകാർ കൊടുത്തിരുന്നത്. രാത്രി വൈകി മുറികിട്ടാതെ ഇരുവരും വിഷമിക്കുന്നതുകണ്ട് ജോർജിനു സങ്കടമായി. തന്റെ മുറി അദ്ദേഹം ഇരുവർക്കുമായി ഒഴിഞ്ഞുകൊടുത്തു. ആ രാത്രി ബത്തേരി അങ്ങാടിയിലെ ഏതോ ചെറിയ കടമുറിയിലാണ് കെ.ജി.ജോർജ് താമസിച്ചതെന്നും എം. അപ്പുക്കുട്ടി ഓർക്കുന്നു.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ഒരേയൊരു മലയാളം പാട്ടാണ് പാടിയിട്ടുള്ളത്. ‘നെല്ല്’ എന്ന സിനിമയ്ക്കുവേണ്ടി സലിൽ ചൗധരി ഈണമിട്ട ‘‘കദളി കൺകദളി ചെങ്കദളി’’ എന്ന പാട്ട്. നിർമാതാവ് എൻ.പി.അലിയാണ് ലതാ മങ്കേഷ്കറെക്കൊണ്ട് പാടിക്കണമെന്നു വാശിപിടിച്ചത്. വയലാറിന്റെ വരികളുടെ അർഥം ലതാജിക്ക് ഹിന്ദിയിൽ എഴുതിക്കൊടുത്തതു കെ.ജി.ജോർജായിരുന്നു. തിരുനെല്ലിയിലെ ആദിവാസികളുടെ തുടിയും സംഗീതോപകരണങ്ങളുമുപയോഗിച്ചാണു സംഗീതമൊരുക്കിയത്.