മാലിന്യത്തിൽ നിന്ന് വൈദ്യുതി; വിവാദ കമ്പനി സോണ്ടായുമായി കരാർ റദ്ദാക്കി കോർപറേഷൻ

Mail This Article
കോഴിക്കോട്∙ കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സോണ്ടാ കമ്പനിയുമായി കോഴിക്കോട് കോർപറേഷൻ ഉണ്ടാക്കിയ കരാർ റദ്ദാക്കി, ഗെയ്‌ലുമായി പുതിയ കരാർ ഉണ്ടാക്കാൻ നീക്കം. ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള കരാറാണ് കോർപറേഷൻ 4 വർഷം മുൻപ് സോണ്ടാ കമ്പനിയുമായി ഒപ്പിട്ടിരുന്നത്.
കരാർ പലതവണ നീട്ടി നൽകിയിട്ടും വൈദ്യുതി പ്ലാന്റ് നിർമാണത്തിന്റെ പ്രാരംഭ നടപടി പോലും ആരംഭിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ജൂൺ 10 നു ഒടുവിൽ നീട്ടി നൽകിയ കാലാവധിയും അവസാനിച്ചു. കരാർ ഒപ്പിട്ടിട്ട് 4 വർഷം പിന്നിടുമ്പോഴും പ്ലാന്റ് നിർമാണത്തിനു മുന്നോടിയായുള്ള പ്രവൃത്തി പോലും പൂർത്തിയാക്കാത്ത സോണ്ടയെ നിലനിർത്തുന്നതിനു താൽപര്യമില്ലെന്ന് നേരത്തെ തന്നെ കോർപറേഷൻ വ്യക്തമാക്കിയതാണ്.
ഈ സാഹചര്യത്തിലാണ് ഗെയ്ൽ മാലിന്യത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കോർപറേഷനെ സമീപിച്ചത്. സോണ്ടാ കമ്പനിയുമായുള്ള കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ബദൽ നടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഗെയ്ൽ കമ്പനി പ്രകൃതി വാതക പദ്ധതിയുമായി സമീപിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സ്ഥിരീകരിച്ചു. എന്നാൽ കോർപറേഷനുമായി ഔദ്യോഗിക ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും അടുത്ത ആഴ്ച ഇതു സംബന്ധിച്ച ചർച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ 10 ജില്ലകളിൽ ബിപിസിഎൽ, ഗെയ്ൽ എന്നിവയുമായി ചേർന്ന് മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം ഉത്പാദിപ്പിക്കാനുള്ള പ്ലാന്റുകൾ തുടങ്ങാൻ നീക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് ഞെളിയൻപറമ്പിലെ വൈദ്യുതി പദ്ധതിക്കു പകരം ഗെയ്‌ലുമായി സഹകരിച്ച് പ്രകൃതി വാതകം ഉത്പാദിപ്പിക്കാനാകുമോയെന്നു നോക്കുന്നത്.
100 ടൺ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ നൽകിയാൽ ഗെയ്‌ൽ പ്ലാന്റ് നിർമിക്കും.അതേസമയം സോണ്ടാ കമ്പനിക്ക് ചെയ്യാൻ കഴിയാത്ത പദ്ധതിയാണിതെന്നും അവരെ ഒഴിവാക്കണമെന്നു നേരത്തെ തന്നെ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നത് യാഥാർഥ്യമായെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി.ശോഭിതയും കെ.മൊയ്തീൻ കോയയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local