40 ദിവസത്തിനുള്ളിൽ ചത്തത് 10 കടുവകൾ; നീലഗിരി വനത്തിൽ പരിശോധന ശക്തമാക്കി വനംവകുപ്പ്

Mail This Article
ഗൂഡല്ലൂർ∙ നീലഗിരി വനത്തിൽ 40 ദിവസത്തിനുള്ളിൽ 10 കടുവകൾ ചത്തതിനെ തുടർന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ ജില്ലയിലെത്തി വിശദമായ പരിശോധനകള്‍ നടത്തി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ബെംഗളൂരു ഒാഫിസില്‍ നിന്നു ഐജി മുരളി ദേശീയ വന്യജീവി സുരക്ഷാ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കൃപാ ശങ്കര്‍, ഡറാഡൂണില്‍ നിന്നും ഇന്ത്യ വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ ഡോ. രമേഷ് എന്നിവരാണ് ജില്ലയിലെത്തിയത്.
കടുവക്കുട്ടികളുടെ ജഡങ്ങള്‍ കണ്ടെത്തിയ വന പ്രദേശം ഇവര്‍ സന്ദര്‍ശിച്ചു. അമ്മ കടുവയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു കടുവകള്‍ ചത്ത പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. കടുവകളുടെ മരണത്തെ തുടര്‍ന്ന് ജില്ലയിലെ വനങ്ങളിൽ പരിശോധന ശക്തമാക്കി തുടങ്ങി .കടുവകൾ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.
6 കടുവക്കുട്ടികളും 4 മുതിർന്ന കടുവകളുമാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ ചത്തത്. ഇതിൽ 2കടുവകൾ ചത്തത് മാംസത്തിൽ വിഷം കലർത്തിയതു മൂലമാണെന്നു കണ്ടെത്തിയിരുന്നു. കടുവക്കുഞ്ഞുങ്ങളുടെ മരണം ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ്. 2 കടുവകൾ കടുവകളുമായുള്ള ഏറ്റുമുട്ടലിലാണ് ചത്തത്.
വനത്തിൽ അതിക്രമിച്ച് കയറുന്നവരെ കണ്ടെത്തുന്നതിനും വനങ്ങൾ നിരീക്ഷിക്കുന്നതിനുമാണ് വനത്തിൽ പരിശോധനകൾ നടത്തുന്നത് .സത്യമംഗലം വനത്തിൽ നിന്നും പിടികൂടിയ രാജസ്ഥാൻ സ്വദേശികളായ നാടോടികളിൽ നിന്നു പുലിനഖം കണ്ടെത്തിയിരുന്നു. ഇത്തരം നാടോടികൾ വനത്തിൽ പുലി വേട്ട നടത്തുന്നായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local