ആ നീക്കം പൊളിച്ചത് സിഐഎസ്എഫുകാരന്റെ ജാഗ്രത; വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ
Mail This Article
കരിപ്പൂർ ∙ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പകലുമായി കോഴിക്കോട് വിമാനത്താവളത്തിനകത്തും പുറത്തും നടന്ന സ്വർണവേട്ടയിൽ കണ്ടെടുത്തത് ഏകദേശം 3 കോടി രൂപയുടെ സ്വർണം. പിടിയിലായത് 6 യാത്രക്കാർ. ബെഡ്ഷീറ്റിനുള്ളിൽ കടലാസിൽ തേച്ചുപിടിപ്പിച്ചും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ചത് 5.4 കിലോഗ്രാം സ്വർണമിശ്രിതം. 5 യാത്രക്കാരെ വിമാനത്താവളത്തിനകത്ത് എയർ കസ്റ്റംസ് ഇന്റലിജൻസും ഒരാളെ പുറത്തുനിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണു പിടികൂടിയത്.
ദുബായിൽനിന്നെത്തിയ കോഴിക്കോട് കൊടുവള്ളി കരുമ്പരുകുഴിയിൽ മുഹമ്മദ് മിദ്‌ലാജ് (21) ലഗേജിൽ കൊണ്ടുവന്ന ബെഡ്ഷീറ്റിനുള്ളിൽനിന്ന് 985 ഗ്രാം സ്വർണം ലഭിച്ചു. കുഴമ്പുരൂപത്തിലാക്കി കടലാസിൽ തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു സ്വർണം.റിയാദിൽനിന്നെത്തിയ കൊടുവള്ളി പറയരുകണ്ടിയിൽ മുഹമ്മദ് ബഷീർ (40) ശരീരത്തിൽ ഒളിപ്പിച്ച 2 കാപ്സ്യൂളുകളിൽനിന്ന് 619 ഗ്രാം സ്വർണമിശ്രിതം ലഭിച്ചു.
ദോഹയിൽനിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ലിഗേഷ് (40) വിമാനത്താവളത്തിനു പുറത്തുനിന്നാണു പിടിയിലായത്. സിഐഎസ്എഫ് പിടികൂടി കസ്റ്റംസിനെ ഏൽപിക്കുകയായിരുന്നു. ലിഗേഷ് ശരീരത്തിൽ ഒളിപ്പിച്ച 2 കാപ്സ്യൂളുകളുടെ രൂപത്തിലുള്ള 543 ഗ്രാം സ്വർണമിശ്രിതം ലഭിച്ചു.
ദോഹയിൽനിന്നെത്തിയ കോഴിക്കോട് ചെലർക്കാട് സ്വദേശി അസീസ് കൊല്ലന്റവിട (45) ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 970 ഗ്രാം സ്വർണം, ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി സമീർ (34) ശരീരത്തിൽ ഒളിപ്പിച്ച 1.277 കിലോഗ്രാം മിശ്രിതം, ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൽ സക്കീർ (34) ശരീരത്തിൽ ഒളിപ്പിച്ച 1.066 കിലോഗ്രാം സ്വർണമിശ്രിതം എന്നിവയും പിടികൂടി. എല്ലാ കേസുകളിലും തുടരന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.
കടത്തുസംഘത്തിന്റെ നീക്കം പൊളിച്ചത് സിഐഎസ്എഫുകാരന്റെ ജാഗ്രത
സിഐഎസ്എഫുകാരന് തോന്നിയൊരു സംശയത്തിൽ തകർന്നത് സ്വർണക്കടത്തുകാരുടെയും അതു തട്ടിയെടുക്കാനെത്തിയവരുടെയും തന്ത്രങ്ങൾ. നാടകീയ നീക്കത്തിലൂടെ 2 പേരെ പിടികൂടാനായി. അതേസമയം സ്വർണം കടത്തിയ യാത്രക്കാരനെയടക്കം തട്ടിക്കൊണ്ടുപോകാൻ വന്ന സംഘത്തിലെ മറ്റുള്ളവർ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങളുണ്ടായത്.
ടെർമിനലിൽ പില്ലർ നമ്പർ 28നു സമീപം യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാനുള്ള പിടിവലി സിഐഎസ്എഫിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ ഉദ്യോഗസ്ഥർ ഓടിയെത്തി. യാത്രക്കാരൻ കോഴിക്കോട് കക്കട്ടിൽ സ്വദേശി ലിഗേഷ്, ലിഗേഷിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാനെത്തിയ സംഘത്തിലെ കോഴിക്കോട് ഓമശ്ശേരി ആലുംതറ കിഴക്കേപുനത്തിൽ വീട്ടിൽ ആസിഫ് (30) എന്നിവരെ പിടികൂടി. എന്നാൽ, ടെർമിനലിനു തൊട്ടുമുൻപിൽ നിർത്തിയ വാഹനത്തിൽ കയറി 4 പേർ കടന്നുകളഞ്ഞു. സമീപത്തെ പൊലീസ് സഹായ കേന്ദ്രത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അപ്പോഴേക്കും ഓടിയെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
സ്വർണക്കവർച്ചയാകാം എന്ന സൂചന ലഭിച്ചതോടെ യാത്രക്കാരനെ ഉടൻ സിഐഎസ്എഫ് കസ്റ്റംസിനു കൈമാറി. തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ലിഗേഷ് ശരീരത്തിൽ ഒളിപ്പിച്ച 2 സ്വർണ മിശ്രിത കാപ്സ്യൂളുകൾ കണ്ടെടുത്തു. ഇതിൽനിന്ന് 543 ഗ്രാം സ്വർണമിശ്രിതം ലഭിച്ചു. ദോഹയിൽനിന്ന് എത്തിയ ലിഗേഷ് കസ്റ്റംസ് പരിശോധനകളെ വെട്ടിച്ചാണ് ആദ്യം പുറത്തിറങ്ങിയത്. തട്ടിക്കൊണ്ടുപോകാനെത്തിയ ആസിഫിനെ കസ്റ്റഡിയിലെടുത്ത കരിപ്പൂർ പൊലീസിനു കവർച്ചാ സംഘത്തെക്കുറിച്ചു വിവരം ലഭിച്ചു.
ലിഗേഷ് കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. വാഹനത്തിൽ കയറി കടന്നുകളഞ്ഞവരെക്കുറിച്ചു സൂചന ലഭിച്ചതായും കൂടുതൽ അന്വേഷണം നടക്കുന്നതായും കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ പറഞ്ഞു. പിടികൂടിയ ആസിഫിനെ അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി.