നിപ്പ: നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

Mail This Article
കോഴിക്കോട്∙ നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതു സംബന്ധിച്ച് വിദഗ്ധ സമിതി ഇന്നു നിർദേശം നൽകും. ഇന്നലെ വടകര താലൂക്കിൽ വിവിധ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചു. ഇന്നലെ ഒരു നിപ്പ പരിശോധനാഫലം കൂടി നെഗറ്റീവായി. ജില്ലയിലെ സ്കൂളുകൾ ഇന്നലെ മുതൽ തുറന്നു പ്രവർത്തിച്ചു. ജില്ലയിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റി വയ്ക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
മൃഗങ്ങളുടെ സാംപിളുകളിൽ വൈറസില്ലെന്ന് സ്ഥിരീകരണം
നിപ്പ രോഗബാധ ആദ്യം സ്ഥിരീകരിച്ച കുറ്റ്യാടി കള്ളാട്ടെ പരിസര പ്രദേശങ്ങളിലും വടകര ആയഞ്ചേരിയിലും വിവിധ ജീവികളിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ നിപ്പ വൈറസ് സാന്നിധ്യമില്ല. 21ന് ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്കയച്ച സാംപിളുകളാണ് നെഗറ്റീവായത്. പശുക്കളടക്കമുള്ള വിവിധ മൃഗങ്ങളിൽ നിന്നു ശേഖരിച്ച 42 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.