പന്നിക്കോട്ടൂർ വയലിൽ കാട്ടുപോത്ത് ഭീഷണി പകൽസമയത്തും കാട്ടുപോത്തുകൾ റോഡിലിറങ്ങുന്നു

Mail This Article
ചക്കിട്ടപാറ∙ പെരുവണ്ണാമൂഴി – ചെമ്പനോട റൂട്ടിൽ പന്നിക്കോട്ടൂർ വയൽ മേഖലയിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും കാട്ടുപോത്തുകൾ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി കാട്ടുപോത്ത് റോഡിലേക്ക് ഇറങ്ങിയതോടെ പിക്കപ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരുക്കേറ്റിരുന്നു. പകലും റോഡരികിൽ കാട്ടുപോത്തുകൾ എത്തുന്നുണ്ട്. രാത്രിയിൽ മിക്കപ്പോഴും കൂട്ടമായി കാട്ടുപോത്ത് പാതയിൽ എത്തുന്നതിനാൽ യാത്രക്കാർ ഭീതിയിലാണ് കാട്ടാനകൾ ഉൾപ്പെടെ മറ്റ് വന്യമൃഗങ്ങളും രാത്രിയിൽ റോഡിൽ ഇറങ്ങുന്നത് പതിവാണ്.
മുൻപ് പന്നിക്കോട്ടൂർ വയൽ മേഖലയിൽ ഏറുമാടം നിർമിച്ച് വനപാലകർ കാവൽ ഏർപ്പെടുത്തിയിരുന്നു.4 വർഷമായി കാവൽ നിർത്തിവച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കണമെന്നും, വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.