വിരണ്ടോടി ചാലിയാർ നീന്തിക്കടന്ന പോത്തിനെ ചെറുവണ്ണൂരിൽ തളച്ചു
Mail This Article
ഫറോക്ക് ∙ പരുത്തിപ്പാറയിൽ നിന്നു വിരണ്ടോടി ചാലിയാർ നീന്തിക്കടന്ന് ചെറുവണ്ണൂരിലെത്തിയ പോത്തിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു സാഹസികമായി തളച്ചു. ഉച്ചയ്ക്കാണു പരുത്തിപ്പാറയിലെ നിന്നു പോത്ത് കയർ പൊട്ടിച്ചു ഓടിയത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്ക് ഇടയിലൂടെ പോത്ത് ഓടിയത് ജനത്തെ പരിഭ്രാന്തരാക്കി. അക്രമാസക്തനായ പോത്ത് വരുന്നതു കണ്ടു വാഹന യാത്രക്കാരും പേടിച്ചു. പിടികൂടാൻ പിന്നാലെ നാട്ടുകാരും ഓടി.
ചാലിയാർ നീന്തി ചെറുവണ്ണൂരിൽ കരയിൽ കയറി ഓടിയ പോത്ത് കൈരളി ബ്രിക്സിനു സമീപത്തെ പറമ്പിൽ ഏറെനേരം നിലയുറപ്പിച്ചു. അഗ്നിരക്ഷാ സേന പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ ദേശീയപാതയിലൂടെ പുതിയപാലം ഭാഗത്തേക്കു നീങ്ങി. ഈ സമയത്തെല്ലാം സിവിൽ ഡിഫൻസ് അംഗങ്ങൾ വാഹനത്തിലും ഓടിയും പിന്തുടർന്നു.
6 കിലോമീറ്ററോളം ഓടിത്തളർന്ന പോത്ത് വൈകിട്ട് 5.30നു പുതിയപാലത്തിനു സമീപത്തെ ഗ്രാനൈറ്റ് കടയുടെ വളപ്പിലേക്ക് കയറിയപ്പോൾ നാട്ടുകാർ ഗേറ്റ് അടച്ചു. പിന്നീട് വടം ഉപയോഗിച്ചു അതിസാഹസികമായി കെട്ടിയിടുകയായിരുന്നു. ഉടമയുടെ നേതൃത്വത്തിൽ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ പി.സുനിൽ, സിവിൽ ഡിഫൻസ് അംഗങ്ങളായ എ.കെ.ജസ്‌ലി റഹ്മാൻ, ഇ.അഷറഫ് എന്നിവർ നേതൃത്വം നൽകി.