ആനക്കുളത്ത് മോഷണം: ഉറങ്ങുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്നു

Mail This Article
കൊയിലാണ്ടി∙ കൊല്ലം ആനക്കുളത്ത് വീട്ടിൽ മോഷണം. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ആനക്കുളം റെയിൽവേ ഗേറ്റിനു സമീപം വടക്കേകുറ്റിയകത്ത് പരേതനായ ഗംഗാധരൻ നായരുടെ വീട്ടിലാണ് കള്ളൻ കയറിയത്. ഉറങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന 3 പവന്റെ സ്വർണമാല മോഷ്ടാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. വീടിന്റെ പിന്നിലെ വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.
മാല എടുത്തപ്പോൾ വിജയലക്ഷ്മി ഉണരുകയും അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകനെ വിളിക്കുകയും ചെയ്തു. ഇതോടെ കള്ളൻ ഓടിപ്പോയി. മുഖം വ്യക്തമായില്ല. സമീപത്തുള്ള മറ്റ് 2 വീടുകളിലും മോഷണ ശ്രമം നടന്നു. അട്ടവൽകുനി മനു, കുറ്റിയത്ത് ദിവാകരൻ എന്നിവരുടെ വീടുകളിലായിരുന്നു മോഷണശ്രമം. ഈ വീടുകളിൽ നിന്ന് ചില പണിയായുധങ്ങളാണ് മോഷണം പോയത്.
കൊയിലാണ്ടി എസ്ഐ പി.എം.ശൈലേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ അന്വേഷണം നടക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകരയിൽ നിന്നു സി.രൻജിത്തിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുടെ സംഘമാണ് സ്ഥലത്തെത്തിയത്.