ഒരു വർഷമായിട്ടും ഭരണാനുമതി ആയില്ല; കടലുണ്ടി റെയിൽവേ മേൽപാലം നിർമാണം ഇനിയുമകലെ
Mail This Article
കടലുണ്ടി∙ പാളം കുരുക്കിട്ട കടലുണ്ടിയിൽ റെയിൽവേ മേൽപാലം നിർമാണ പദ്ധതി ഇനിയുമകലെ. പൊതുമരാമത്ത് ബ്രിജസ് വിഭാഗം നേതൃത്വത്തിൽ മേൽപാലത്തിന്റെ അലൈൻമെന്റ് തയാറാക്കി 64 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടു ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചാൽ തന്നെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കടമ്പകൾ ഏറെയുണ്ട്. ഇതു പൂർത്തിയാക്കി നിർമാണ നടപടികളിലേക്ക് കടക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. കടലുണ്ടിയിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്നതു നാട്ടുകാരുടെ ചിരകാല സ്വപ്നമാണ്.
സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതു പ്രകാരം നേരത്തെ 3 അലൈൻമെന്റ് തയാറാക്കി അനുമതിക്കു സമർപ്പിച്ചിരുന്നു. ഇതിൽ കനറാ ബാങ്ക് പരിസരത്തു നിന്നു ചാലിയം റോഡിലേക്ക് പ്രവേശിക്കും വിധത്തിലുള്ള അലൈൻമെന്റാണ് പരിഗണനയിലുള്ളത്. വീടുകൾ നഷ്ടപ്പെടാതെ ഏറ്റവും എളുപ്പം മറുകര എത്തും വിധത്തിലാണു അലൈൻമെന്റ്. ഇതുപ്രകാരം 6 പേർക്കു മാത്രമേ ഭൂമി നഷ്ടപ്പെടുകയുള്ളൂ. ഭരണാനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടികളുമായി മുന്നോട്ടു പോകാനാകൂ. നിരന്തരം റെയിൽവേ ഗേറ്റ് അടച്ചിടുന്നതു മൂലമുള്ള യാത്രാ ദുരിതം പേറി കഴിയുകയാണ് ഇപ്പോഴും ജനം.
രണ്ടും മൂന്നും ട്രെയിനുകൾ പോകുന്നതിനു വേണ്ടി ചിലപ്പോൾ ദീർഘനേരം റെയിൽവേ ഗേറ്റ് അടച്ചിടുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പഞ്ചായത്ത് ജനസംഖ്യയുടെ പകുതിയിലേറെയും വരുന്ന റെയിലിനു പടിഞ്ഞാറൻ ഭാഗത്തുള്ളവരാണു പ്രധാനമായും യാത്രാക്ലേശം അനുഭവിക്കുന്നത്. ടൗണിന്റെ ഹൃദയ ഭാഗത്താണ് കടലുണ്ടിയിൽ റെയിൽവേ ഗേറ്റ്. ട്രെയിനുകൾ കടന്നു പോകാൻ ഗേറ്റ് അടച്ചാൽ പിന്നെ അങ്ങാടിയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ചില സമയങ്ങളിൽ ചരക്കു ട്രെയിനുകളും ഓയിൽ ടാങ്കറുകളും ഗേറ്റിന് അഭിമുഖമായി നിർത്തിയിടുന്നത് കാൽനടയാത്ര പോലും അസാധ്യമാക്കുന്നു. ചരക്കു ട്രെയിനുകൾ സിഗ്‌നൽ ലഭിക്കാതെ സ്റ്റേഷനിൽ നിർത്തിയാൽ ഗേറ്റും കഴിഞ്ഞാണ് കംപാർട്‌മെന്റുകൾ നിൽക്കുക.