വിയ്യൂർ ഗ്രാമം തെരുവുനായ ഭീതിയിൽ; പന്തലായനിയിൽ മൂന്നു പേർക്കു കടിയേറ്റു
Mail This Article
കൊയിലാണ്ടി∙ നഗരസഭയിലെ വിയ്യൂർ ഗ്രാമത്തിൽ നായ്ക്കളുടെ ആക്രമണ ഭീതി. കഴിഞ്ഞ ദിവസം ഒട്ടേറെ പേരെ നായ്ക്കൾ കടിച്ചിരുന്നു. അതിനിടയിൽ ഒരു നായയ്ക്ക് പേ ബാധിച്ചതായി സംശയം ഉണർന്നു. ഇന്നലെ പേ ബാധിച്ചെന്ന് സംശയിക്കുന്ന തെരുവ് നായ നാടുനീളെ പാഞ്ഞു വീടുകളിൽ വളർത്തുന്ന നായ്ക്കളെയും കടിച്ചതോടെയാണ നാട്ടിൽ ഭീതി വളർന്നത്.
അരീക്കൽതാഴെ വച്ച് പലരെയും നായ ആക്രമിച്ചിരുന്നു. നാട്ടുകാർ വടിയുമായാണ് പുറത്തിറങ്ങുന്നത്. പന്തലായനി ഭാഗത്തേക്കാണ് പേ ബാധിച്ചെന്ന് സംശയിക്കുന്ന നായ പാഞ്ഞത്. കഴിഞ്ഞ ദിവസം വിയ്യൂർ എൽപി സ്കൂളിലെ കുട്ടികളെ ഈ നായ ആക്രമിച്ചിരുന്നു.
കൊയിലാണ്ടി∙ പന്തലായനിയിൽ തെരുവു നായ അക്രമത്തിൽ 3 പേർക്ക് പരുക്കേറ്റു. പശുവിനെയും 2 വളർത്തു നായയെയും നായ കടിച്ചിട്ടുണ്ട്. വടക്കേ വെള്ളിലാട്ട് താഴ സരോജിനി (75)ക്കും മറ്റു 2 പേർക്കുമാണു നായയുടെ കടിയേറ്റ് പരുക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് 2 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നായയ്ക്ക് പേ ബാധിച്ചതായി സംശയമുള്ളതായി നാട്ടുകാർ പറഞ്ഞു.